ഇടത് പക്ഷം ജയിക്കാതിരിക്കാന്‍ വോട്ട് മറിച്ചു ചെയ്യും; അതിനുള്ള ചില്ലറയും മേടിക്കും ഇവര്‍; ആര്‍എസ്എസിനും ബിജെപിക്കുമെതിരെ മന്ത്രി എം എം മണി

single-img
29 September 2019

ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയായതിനെക്കുറിച്ച് പ്രതികരിച്ച് മന്ത്രി എംഎം മണി. സുരേന്ദ്രന്‍ എന്നത് ആനയല്ലെന്നും കോന്നിയില്‍ തങ്ങള്‍ ജയിക്കുമെന്നും മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ഇടത് മുന്നണി നേതാവെന്ന നിലയില്‍ മണി പറഞ്ഞു. മനോരമ ന്യൂന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ എസ് എസും ബിജെപിയും കാലങ്ങളായി വോട്ട് മറിച്ചുചെയ്ത് കാശ് വാങ്ങിക്കുന്നുണ്ടെന്നും ഇടതുപക്ഷം ജയിക്കാതിരിക്കുകയാണ് അവര്‍ക്കു വേണ്ടതെന്നും അദ്ദേഹം ആരോപിച്ചു.

അതേപോലെതന്നെ വോട്ടര്‍മാരെ പറഞ്ഞുപറ്റിച്ചാണ് കോണ്‍ഗ്രസ് ജയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോള്‍ കോന്നി മണ്ഡലം തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ‘ ഏത് ദൈവമാണെന്നു പറഞ്ഞാലും ആനയാണെന്നു പറഞ്ഞാലും ഇതിനകത്തു പ്രശ്‌നമില്ല. കെ സുരേന്ദ്രന്‍ എന്താ വലിയ ആനയാണെന്നാണോ? അതൊന്നും ഞങ്ങള്‍ കരുതുന്നില്ല. അതിനായി പറ്റിയയാളാണു ഞങ്ങളുടെ സ്ഥാനാര്‍ഥി. അവര്‍ക്കെല്ലാം കാശാണു പ്രശ്‌നം. ആര്‍എസ്എസും ബിജെപിയും കാലങ്ങളായി ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത് എന്താ? വോട്ട് മറിച്ചുചെയ്യുക.

അതിന്റെ പിന്നിലുള്ള രാഷ്ട്രീയം എന്താണെന്നറിയുമോ? എന്താണെങ്കിലും ഇടതുപക്ഷം ജയിക്കാതിരിക്കുക. അതിന് വോട്ട് മറിച്ചു ചെയ്യും. അതിനുള്ള ചില്ലറയും മേടിക്കും ഇവര്‍. പരമ്പരാഗതമായി ചെയ്തുകൊണ്ടിരിക്കുന്നതാണ്.’- മന്ത്രി ആരോപിച്ചു.