ആർഎസ്എസിനെയും ഇന്ത്യയെയും ഒന്നായി ലോകം കാണണമെന്ന് ആഗ്രഹിച്ചു; ഇമ്രാൻ സാഹബ് അത് ചെയ്തു: ആർഎസ്എസ് നേതാവ് കൃഷ്ണഗോപാൽ

single-img
28 September 2019

ആർഎസ്എസിനെയും ഇന്ത്യയെയും ഒന്നായി ലോകജനത കാണണമെന്നാണ് തങ്ങൾ ആഗ്രഹിച്ചതെന്നും ഇമ്രാൻ ഖാൻ അതാണ്‌ ചെയ്തതെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണഗോപാൽ. ആര്‍എസ്എസിനോട് ഇമ്രാന്‍ ഖാന്‍ ദേഷ്യപ്പെട്ടാല്‍ അത് ഇന്ത്യയോട് ദേഷ്യപ്പെടുന്നതിന് തുല്യമാണെന്നും കൃഷ്ണ ഗോപാല്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭയിൽ ഇമ്രാൻ ഖാൻ ആർഎസ്എസിനെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു കൃഷ്ണഗോപാൽ.

”ആര്‍എസ്എസ് ഇന്ത്യയില്‍ മാത്രമാണ് ഉള്ളത്. ഞങ്ങള്‍ക്ക് ലോകത്ത് മറ്റെവിടെയും ശാഖകളില്ല. പാക്കിസ്ഥാന്‍ ഞങ്ങളോട് ദേഷ്യപ്പെട്ടാല്‍ അതിനര്‍ത്ഥം അവര്‍ ഇന്ത്യയോട് ദേഷ്യത്തിലാണെന്നാണ്. ആര്‍എസ്എസും ഇന്ത്യയും പര്യായങ്ങളാണ്. ലോകം മുഴുവന്‍ ഇന്ത്യയെയും ആര്‍എസ്എസിനെയും ഒന്നായി കാണണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇമ്രാൻ സാഹബ് ആ ആവശ്യം നന്നായി നിറവേറ്റിത്തന്നു.അതിന് അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു.”


കൃഷ്ണ ഗോപാല്‍ പറഞ്ഞു.

ഇമ്രാൻ ഖാൻ തങ്ങളുടെ നാമം ലോകം മുഴുവൻ എത്തിക്കുകയാണ്. ഇതുവഴി ആർഎസ്എസിന് വലിയ ഖ്യാതിയാണ് കിട്ടിയിരിക്കുന്നത്. ഇമ്രാൻ ഖാൻ അത് നിർത്താതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാമെന്നും കൃഷ്ണഗോപാൽ പറഞ്ഞു.

തീവ്രവാദത്തിന്റെ ഇരകളായവരും അതിനെ എതിർക്കുന്നവരുമെല്ലാം ഇന്ന് ആർഎസ്എസും തീവ്രവാദത്തിനെതിരാണെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും കൃഷ്ണഗോപാൽ പറഞ്ഞു. ഡൽഹിയിലെ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.