പാലായിലെ തോൽവി: പൂര്‍ണ്ണ ഉത്തരവാദിത്തം ജോസ് പക്ഷത്തിനെന്ന് പി ജെ ജോസഫ്

single-img
28 September 2019

പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വീണ്ടും ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ്. പാലായിൽ പാർട്ടി പരാജയം ചോദിച്ച് വാങ്ങിയതാണെന്നും, ചിഹ്നം കിട്ടിയാൽ ജയിക്കുമായിരുന്നുവെന്ന് പറയുന്നവർ പാർട്ടി ഭരണഘടനാ പ്രകാരം ചിഹ്നം നൽകാൻ അധികാരമുള്ള പാർട്ടി വർക്കിംഗ് ചെയർമാനോട് അഭ്യർത്ഥിച്ചിരുന്നെങ്കിൽ ചിഹ്നം ലഭിക്കുമായിരുന്നുവെന്ന് വ്യക്തമാക്കി.

താൻ രണ്ടില നല്‍കാൻ തയ്യാറായെങ്കിലും ധിക്കാരപരമായി അത് നിഷേധിച്ച് ജോസ് കെ മാണി പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്ന് ജോസഫ് പറയുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ജോസ് പക്ഷത്തിനെന്ന് പി ജെ ജോസഫ് ആരോപിക്കുന്നു . യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്പാര്‍ട്ടിയുടെ ചിഹ്നമായ രണ്ടില ചിഹ്നം ലഭിക്കാതെ പോയതിന്‍റെ ഉത്തരവാദിത്തവും ജോസ് പക്ഷത്തിനാണെന്ന് ഇതിലൂടെ ജോസഫ് പക്ഷം അടിവരയിടുകയാണ്.

യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയസാധ്യതയില്ലായിരുന്നുവെന്നും ജോസഫ് നേരത്തെ പറ‍ഞ്ഞിരുന്നു. അതേപോലെ, ധിക്കാരപരമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്നും ജോസഫ് കുറ്റപ്പെടുത്തി. ജോസ് കെ മാണി നടത്തിയ ചിലരുടെ പക്വതയില്ലാത്ത പ്രസ്താവനകളാണ് തോൽവിയിലേക്ക് നയിച്ചതെന്ന പ്രസ്താവനയ്ക്ക് പക്വതയില്ലാത്തത് ജോസ് കെ മാണിക്കാണെന്നായിരുന്നു ജോസഫിന്‍റെ മറുപടി. സംസ്ഥാനത്ത് അടുത്തുതന്നെ നടക്കാനുള്ള ബാക്കി ഉപതരെഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം നിര്‍ത്തണമെന്ന യുഡിഎഫ് നിര്‍ദേശമുണ്ടെങ്കിലും ഇരു കൂട്ടരും അതൊക്കെ കാറ്റില്‍പ്പറത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.