‘കെഎസ്ആർടിസി ഡ്രൈവറുടെ മനസാന്നിധ്യമാണ് എന്നെ രക്ഷിച്ചത്’ ; വെളിപ്പെടുത്തലുമായി വീഡിയോ ദൃശ്യങ്ങളിലെ യുവതി

single-img
28 September 2019

സോഷ്യൽ മീഡിയയിലാകെ വൈറലായിരുന്നു സൈഡിലൂടെയെത്തിയ കെഎസ്‌ആർടിസിയ്ക്കു മുന്നിൽ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നിന്ന യുവതിയുടെ ദൃശ്യങ്ങൾ. എറണാകുളം പെരുമ്പാവൂർ കെഎസ്‌ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് മുന്നില്‍ വെച്ചുണ്ടായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പക്ഷെ ശരിക്ക് അത് യുവതിയുടെ മര്യാദ പഠിപ്പിക്കൽ ആയിരുന്നില്ല എന്നതാണ് സത്യം. വീഡിയോ ദൃശ്യങ്ങളിലെ യുവതി സൂര്യ മനീഷ് പറയുന്നത്’ സത്യത്തില്‍ ഞാന്‍ ബസ് ഡ്രൈവറെ വെല്ലുവിളിക്കുകയായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാതെ സ്തംഭിച്ചു പോയി’ – എന്നാണ്.

സൂര്യ പറയുന്നത്:

”സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്ന ദൃശ്യങ്ങളിൽ ആ സംഭവത്തിന്റെ അവസാനഭാഗം മാത്രമാണുള്ളത്. ഞാൻ ഒരിക്കലും ആ ബസ് ഡ്രൈവറെ വെല്ലുവിളിക്കുകയായിരുന്നില്ല. ബസ് ഓവർടേക്ക് ചെയ്ത് വരുന്നത് കണ്ട് ഞാൻ ആകെ മരവിച്ചു പോയിരുന്നു. വീതി കുറഞ്ഞ ആ റോഡിൽ ഒരു സ്കൂൾ ബസും ഉണ്ടായിരുന്നു. മുന്നോട്ട് പോകാൻ സ്ഥലമില്ലാത്തതിനാൽ ഞാനവിടെ സ്കൂട്ടർ നിർത്തി.

സ്കൂൾ ബസിൽ നിന്ന് കുഞ്ഞുങ്ങൾ ഇറങ്ങുന്നതുവരെ അവിടെ മറ്റു വാഹനങ്ങളും നിർത്തിയിട്ടിരുന്നു. പക്ഷേ എന്റെ സ്കൂട്ടർ ഏകദേശം റോഡിന്റെ നടുക്കായിട്ടാണ് നിർത്തിയിരുന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ സ്കൂൾ ബസ് പോയപ്പോൾ ഞാൻ സ്കൂട്ടറുമായി മുന്നോട്ടു നീങ്ങി. അപ്പോഴാണ് ഒരു സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്തുകൊണ്ട് ഞാൻ സഞ്ചരിച്ചദിശയിലേക്ക് കെഎസ്ആർടിസി ബസ് വരുന്നതു കണ്ടത്. ദിശതെറ്റി വരുന്ന ആ ബസും അതിന്റെ വേഗവും കണ്ട് എന്തുചെയ്യണമെന്നറിയാതെ മരവിച്ചു പോയി.

https://www.facebook.com/watch/?v=378080113128951

ആ സമയം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ താൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ആദ്യം അമ്പരപ്പ്, പിന്നെ നടുക്കം, പിന്നെ ചിരി…. കെഎസ്ആർടിസി ഡ്രൈവറുടെ മനസാന്നിധ്യമാണ് എന്നെ രക്ഷിച്ചത്. ശാന്തനായി വലത്തേക്ക് അദ്ദേഹം വണ്ടി തിരിച്ചു. ഭയം ഒന്നു ശമിച്ചപ്പോൾ‌ ബസ്സിലെ യാത്രക്കാർ ഡ്രൈവറിനെ അഭിനന്ദിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു”.