മോദിഫൈഡ് ആകാത്തതാണ് കേരളത്തിന്റെ സൗന്ദര്യം: വൈറലായി ജോണ്‍ എബ്രഹാമിന്റെ പ്രതികരണം

single-img
27 September 2019

കേരളത്തിന്റെ രാഷ്ട്രീയ പ്രത്യേകതകളെ കുറിച്ച് വിശദീകരിക്കുന്ന പാതിമലയാളിയും ബോളിവുഡ് താരവുമായ ജോണ്‍ എബ്രഹാമിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുരളി കെ മേനോന്റെ ആദ്യ നോവലായ ‘ദ ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്‌സി’ന്റെ പ്രകാശന ചടങ്ങിലാണ് ജോണ്‍ മനസു തുറന്നത്.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍ കേരളം ‘മോദി’ഫൈഡ് ആകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. മോദിഫൈഡ് ആകാത്തതാണ് കേരളത്തിന്റെ സൗന്ദര്യം എന്നായിരുന്നു ജോണിന്റെ മറുപടി. പത്ത് മീറ്റർ ദൂരത്തിനുള്ളിൽ ക്ഷേത്രവും ക്രിസ്ത്യന്‍- മുസ്ലീം പള്ളികളും സമാധാനപരമായി പ്രശ്നങ്ങളൊന്നുമില്ലാതെ നിലകൊള്ളുന്ന നാടാന് കേരളം.

മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഇടകലർന്ന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരിടമാണ് കേരളമെന്ന് ജോണ്‍ പറഞ്ഞു.

ഫിഡല്‍ കാസ്‌ട്രോ മരിച്ചപ്പോള്‍ താന്‍ കേരളത്തിലുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. കാസ്ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എമ്പാടും എനിക്ക് കാണാന്‍കഴിഞ്ഞു. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. അച്ഛന്‍ കാരണം കുറേയേറെ മാര്‍ക്സിസ്റ്റ് പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ടെന്ന് ജോണ്‍ പറഞ്ഞു. ആദ്യമായാണ് രാഷ്ട്രീയപരമായ ചോദ്യങ്ങളോട് ജോണ്‍ എബ്രഹാം പ്രതികരിക്കുന്നത്.