ഒരു മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടേയോ അല്ല ഇന്ത്യ: ശശി തരൂർ

single-img
22 September 2019

ഹിന്ദു എന്ന മതത്തിന്‍റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ ഹിന്ദു ധര്‍മത്തിനും രാമദേവനും അപമാനമാണെന്ന് ശശി തരൂര്‍ എംപി. ഇന്ന് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ തബ്രേസ് അന്‍സാരി ക്രൂരമായി അക്രമിക്കപ്പെടുകയും ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. ഈ പ്രവൃത്തി രാമദേവനും ഹിന്ദു ധര്‍മത്തിനും അപമാനമാണ്.

മതത്തിനെ ചിലര്‍ അവരവരുടെ പേരുകള്‍ മറ്റുള്ളവരെ കൊല്ലുന്നതിന് ഉപയോഗിക്കുകയാണ്. ഒരു മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടേയോ അല്ല ഇന്ത്യ, നമ്മുടെ ഭരണഘടന ഇതിനെല്ലാം അതീതമായി എല്ലാവര്‍ക്കും തുല്യമായ പരിഗണനയാണ് നല്‍കുന്നത്. മറിച്ചുള്ളതെല്ലാം തെറ്റാണ്. ഇവിടെ എന്തുകൊണ്ട് ഞാന്‍ ഒരു ഹിന്ദു എന്ന ഒരു പുസ്തകം എഴുതിയെന്നാല്‍, ഈ മതത്തെ ഹിന്ദുത്വ വാദം പറഞ്ഞ് അപമാനിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യുന്നതിന് കാരണം രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിദേശത്തായിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആ സമയത്ത് അദ്ദേഹം ബഹുമാനം അർഹിക്കുന്നുവെന്നും തരൂർ പറഞ്ഞു. പക്ഷെ രാജ്യത്തിനകത്തായിരിക്കുമ്പോൾ ജനങ്ങൾക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാം. ഇന്ത്യയ്ക്കാകെ പൊതുഭാഷ എന്ന വിഷയത്തിൽ തന്റെ നിലപാട് മൂന്ന് ഭാഷാ ഫോർമുലയ്ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സ്വീകരിക്കുന്ന ഹിന്ദി, ഹിന്ദുത്വം, ഹിന്ദുസ്ഥാൻ എന്ന നിലപാട് ഏറെ അപകടകരമാണ്. കേരളത്തിലാവട്ടെ ജനങ്ങൾക്കിടയിൽ ജാതീയമായ വേർതിരിവുകളില്ല. മഹാരാഷ്ട്രയിൽ എങ്ങനെയുണ്ടാകുന്നു,” എന്നും അദ്ദേഹം ചോദിച്ചു.