പ്ലാസ്റ്റിക് സര്‍ജറി നടത്തിയാലും തിരിച്ചറിയും; പൗരന്മാരുടെ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നടപ്പാക്കാനൊരുങ്ങി ഇന്ത്യ

single-img
21 September 2019

ഇന്ത്യയിൽ ചൈനീസ് മാതൃകയില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നടപ്പാക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ ഇത്തരത്തിൽ കേന്ദ്രീകൃത മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തമാസം തുടക്കമിടും എന്നാണ് ലഭ്യമാകുന്ന വിവരം.

പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ ഈ സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക. ഒരാള്‍ അയാളുടെ
മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി മാറ്റിയാല്‍ പോലുംതിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണിത്.

ഈ പദ്ധതി നടപ്പായാൽ പാസ്‌പോര്‍ട്ട് വിവരങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ ഡാറ്റാബാങ്കുമായി ബന്ധിപ്പിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങിനെ സംഭവിച്ചാൽ രാജ്യത്തെ മുഴുവന്‍ പൗരന്മാരും സര്‍ക്കാര്‍ നിരീക്ഷണത്തിലാകും. പൊതുവെ അംഗബലം കുറഞ്ഞ ഇന്ത്യയിലെ പൊലീസ് സംവിധാനത്തെ ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

നിലവിൽ 724 പേര്‍ക്ക് ഒരു പോലീസ് എന്ന രീതിയിലാണ് രാജ്യത്തെ പോലീസ് സംവിധാനത്തിന്റെ അംഗബലം. അത് ലോകത്തിലേറ്റവും കുറഞ്ഞ അനുപാതവുമാണ്. കേന്ദ്രസർക്കാർ കഴിഞ്ഞവര്‍ഷം ചര്‍ച്ച ചെയ്ത ഡാറ്റാ സംരക്ഷണ നിയം ഇതുവരെയും നിലവില്‍ വന്നിട്ടില്ലെന്നത് പുതിയ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. അതേപോലെത്തതന്നെ ആധാര്‍ നടപ്പാക്കിയിട്ടു പോലും വിവരങ്ങള്‍ ചോരുന്നതിനെപ്പറ്റിയുള്ള ആരോപണങ്ങള്‍ നിരന്തരം ഉയരുന്നതിനിടെയാണ് പുതിയ സംവിധാനവും രംഗപ്രവേശം ചെയ്യാനൊരുങ്ങുന്നത്.