യുഎന്നില്‍ കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ മോദിയെ പിന്തുണയ്ക്കും: ശശി തരൂര്‍

single-img
10 September 2019

യുഎന്നിൽ കാശ്മീർ വിഷയം ചര്‍ച്ച ചെയ്യുന്ന സമയം രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തങ്ങള്‍ രാജ്യത്തെ പ്രതിപക്ഷമാണെന്നും അതുകൊണ്ട് തന്നെ കാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും പക്ഷെ രാജ്യത്തിന്റെ വെളിയിൽ തങ്ങള്‍ ഒന്നാണെന്നും തരൂര്‍ പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിൽ 42-ാം സമ്മേളനത്തില്‍ പാകിസ്താൻന്‍ കാശ്മീര്‍ വിഷയം ഉന്നയിക്കുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് തരൂർ പ്രതികരണവുമായി എത്തിയത്. ‘നമ്മെ പാകിസ്താൻ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എതു കാരണത്തിനാണോ, ഇത് അവരും മുന്‍പ് ചെയ്തിട്ടുണ്ട്. പാക് അധീന കാശ്മീരിന്റെയും ഗില്‍ജിത്-ബള്‍ട്ടിസ്ഥാന്റെയും പദവികള്‍ എടുത്തുമാറ്റിയത് അവരാണ്. അതിനാൽ അവർക്ക് നമ്മുടെ നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ അവകാശമില്ല.’- തരൂര്‍ പറഞ്ഞു.

വിഷയം ചർച്ചയ്ക്കായി എടുക്കുമ്പോൾ യുഎന്നില്‍ പ്രസംഗിക്കാന്‍ പ്രധാനമന്ത്രി മോദി പോകുന്ന സമയം തങ്ങളും ഒപ്പമുണ്ടാകുമെന്നും തരൂര്‍ പറഞ്ഞു. അതേസമയം രാജ്യത്തിന്റെ ഉള്ളിൽ കേന്ദ്രത്തെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കാശ്മീരിലെ സഹോദരങ്ങള്‍ നേരിടുന്ന പരീക്ഷണങ്ങള്‍ നമ്മള്‍ മനസ്സിലാക്കിയേ തീരൂ. ഇന്റര്‍നെറ്റും ടെലിഫോണുകളും ഇല്ലാത്ത മനുഷ്യര്‍. മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളോടു സംസാരിക്കാനാവുന്നില്ല. രാഷ്ട്രീയ നേതാക്കളായ ഫാറൂഖ് അബ്ദുള്ളയെ അടക്കമുള്ളവരെ സർക്കാർ തടവിലാക്കിയിരിക്കുന്നു. ഇന്ത്യൻ പാര്‍ലമെന്റില്‍ ഞങ്ങള്‍ ഈ വിഷയങ്ങളൊക്കെയും ഉയര്‍ത്തിയതാണ്. രാജ്യത്തിനുള്ളില്‍ അതുയര്‍ത്തുക തന്നെ ചെയ്യും.’- തരൂര്‍ പറഞ്ഞു.