യുഡിഎഫ് സ്വതന്ത്രൻ ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

single-img
7 September 2019

പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം. ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു. പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും നോക്കിയാണ് ജനം വോട്ടു ചെയ്യുന്നത്, കെഎം മാണിയുടെ പിന്‍ഗാമിയായാണ് താന്‍ മത്സരിക്കുന്നത് എന്നും, കൈതച്ചക്ക മധുരമുള്ളതാണെന്നും ജോസ് ടോം പറഞ്ഞു.

32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യു ഡി എഫ് സ്ഥാനാർത്ഥി മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസില്‍ ജോസഫ് – ജോസ് തർക്കത്തെ തുടര്‍ന്നാണ് ജോസ് ടോമിന് രണ്ടില ചിഹ്നം നഷ്ടമായത്. ഇരുകൂട്ടരെയും രമ്യതയിലാക്കി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കാതെ രണ്ടില ചിഹ്നം വിട്ടുതരില്ലെന്ന് പി.ജെ.ജോസഫ് നിലപാടെടുക്കുകയായിരുന്നു. 13 പേർ പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ട്. ഏഴാമതാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ടോമിന്റെ പേര്.