ഡികെ ശിവകുമാറിനെ ഇന്നും ചോദ്യം ചെയ്യും

single-img
5 September 2019

ഡല്‍ഹി: കര്‍ണ്ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കള്ളപ്പണം, അനധികൃത സ്വത്തു സമ്പാദനം, നികുതി വെട്ടിപ്പ് എന്നീ കേസുകളിലാണ് ചോദ്യംചെയ്യുക. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ശിവകുമാറിനെ ഇന്നലെ ഡല്‍ഹി റോസ് അവന്യു കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒന്‍പത് ദിവസത്തേക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടത്.

നേരത്തെ നാല് ദിവസം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരണം. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഡി കെ ശിവകുമാറിനെഎന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത എട്ടു കോടി രൂപ കള്ളപ്പണം ആണെന്നാണ് കണ്ടെത്തല്‍.

തനിക്ക് ഭയമില്ലെന്നും തെറ്റൊന്നും ചെയ്തിട്ടില്ല അതുകൊണ്ട് അന്വേഷണത്തോട് സഹകരിക്കുമെന്നും ശിവകുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം, ഡി കെ ശിവകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് വന്‍പ്രതിഷേധമാണ് നടക്കുന്നത്. ബിജെപി കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ്് പ്രതിഷേധം.