പാലായിൽ ‘മാണി’ എന്ന് പേരുള്ള ഒരാള്‍ തന്നെ ജയിക്കണമെങ്കില്‍ മാണി സി കാപ്പനെ വിജയിപ്പിക്കൂ; യുഡിഎഫിനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

single-img
4 September 2019

നടക്കാനിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ‘മാണി’ എന്ന് പേരുള്ള ഒരാള്‍ തന്നെ ജയിക്കണമെങ്കില്‍ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പനെ വിജയിപ്പിക്കാന്‍ യുഡിഎഫിനെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തില്‍ യുഡിഎഫ് ഛിന്നഭിന്നമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പാലായില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിനുള്ളിലെ തര്‍ക്കംപരിഹരിക്കാത്തത് അവര്‍ക്കു തിരിച്ചടിയാകുമെന്നും ഇടതുപക്ഷം പരാജയപ്പെട്ടു എന്നു പലപ്പോഴും വിധിയെഴുതിയ സന്ദര്‍ഭങ്ങളില്‍ മുന്നണി ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.യദിഎഫിന് അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും യോജിപ്പിലെത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പോടെ പാലായില്‍ ഇത്തവണ രാഷ്ട്രീയമാറ്റമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

‘രാജ്യമാകെ കാര്‍ഷിക പ്രതിസന്ധി രൂക്ഷമായി വ്യാപക പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ സംഘപരിവാര്‍ തീവ്രവര്‍ഗീയത ഉയര്‍ത്തുകയാണ്. പ്രതിപക്ഷം എന്ന ഒന്ന് ഇല്ലാത്ത രാജ്യത്തിനായി ബിജെപി ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിനാകട്ടെ ചങ്കുറപ്പില്ലാത്ത നിലപാടുകളാണുള്ളത്. രാജ്യസഭയിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് കാശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നൊഴിവായി. രാജ്യത്ത് ബദല്‍ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷം ശക്തമാകണം. അതിനായി രാജ്യം ഉറ്റുനോക്കുന്നത് കേരളത്തെയാണ്.

അഴിമതി ഉണ്ടാകരുത് എന്നാഗ്രഹിക്കുന്ന ജനത ഇടതുപക്ഷത്തോടൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎം മണി തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു