കയ്യിൽ കത്തിയുമായി പാർലമെന്റിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ: പിടിയിലായത് ആൾദൈവം ഗുർമീത് റാം റഹീമിന്റെ അനുയായി

single-img
2 September 2019

ഡൽഹി: പാർലമെന്റ് മന്ദിരത്തിലേയ്ക്ക് കയ്യിൽ കത്തിയുമായി അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാർലമെന്റിന്റെ ഒന്നാം നമ്പർ ഗേറ്റിലൂടെ അകത്തു കയറാൻ ശ്രമിക്കവേയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ഈസ്റ്റ് ഡൽഹിയിലെ ലക്ഷ്മി നഗർ സ്വദേശിയായ സാഗർ ഇൻസ എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. രാവിലെ 10.45-നാണ് സംഭവം. കയ്യിൽ ഉയർത്തിപ്പിടിച്ച കത്തിയുമായി ഇയാൾ ഗേറ്റ് കടക്കാൻ ശ്രമിക്കുകയായിരുന്നു.

യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നതെന്നും മറ്റു സുരക്ഷാ വീഴ്ചകൾ ഒന്നുമുണ്ടായിട്ടില്ലെന്നും ന്യൂഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഈഷ് സിംഗാൾ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, ഈ യുവാവ് വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന്റെ അനുയായി ആണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

യുവാവിനെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസിന്റെ പ്രത്യേക വിഭാഗം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാൾ കൊണ്ടുവന്ന് കത്തിയും സഞ്ചരിച്ച മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.