സ്ഥാനാർത്ഥി നിഷയെങ്കിൽ ‘രണ്ടില‘ നൽകിയേക്കില്ല; ജോസഫ് വിഭാഗം ഇടഞ്ഞ് തന്നെ

single-img
31 August 2019

കോട്ടയം: പാലായിൽ വിജയസാധ്യത ഉള്ളയാൾക്കേ രണ്ടില ചിഹ്നം നൽകുകയുള്ളൂ എന്ന നിലപാടിൽ കേരള കോൺഗ്രസ്സ്, ജോസഫ് വിഭാഗം. പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് – ജോസഫ് ഗ്രൂപ്പുകളുടെ തർക്കം പരിഹരിക്കുന്നതിന് യുഡിഎഫ് ഉപസമിതി യോഗം ചേർന്നു. കോട്ടയം ഡിസിസിയിൽ നടക്കുന്ന യോഗത്തിൽ ജോസ് കെ മാണിയുമായും പി ജെ ജോസഫുമായും വെവ്വേറെ ചർച്ച നടത്തി. യോഗത്തിൽ ഇരുവിഭാഗവും സ്വന്തം നിലപാടിൽ ഉറച്ചു നിന്നത് കാരണം തർക്കത്തിന് അയവുവന്നില്ല.

നിഷാ ജോസ് കെ മാണിക്ക് രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ ജോസ് കെ. മാണി വിഭാഗം പി ജെ ജോസഫിന്‍റെ നേതൃത്വം അംഗീകരിക്കണം എന്ന ആവശ്യമാണ് ജോസഫ് ഗ്രൂപ് മുന്നോട്ട് വക്കുന്നത്.

കോട്ടയത്ത് യുഡിഎഫ് ഉപസമിതിയ്ക്ക് മുമ്പ് ജോസഫ് വിഭാഗത്തിന്‍റെ യോഗവും ജോസ് കെ മാണി വിഭാഗത്തിന്‍റെ യോഗവും വെവ്വേറെ നടന്നു. ”ചിഹ്നമൊക്കെ പിന്നെ തീരുമാനിക്കും. യുഡിഎഫ് അല്ലെങ്കിലേ സ്ഥാനാർത്ഥിയെ ഒടുവിലേ തീരുമാനിക്കാറുള്ളൂ”, എന്ന് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ജോസ് കെ മാണി വിഭാഗമാകട്ടെ സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും, മറ്റാരും ഇതിൽ ഇടപെടേണ്ടതില്ലെന്നും തുറന്നു പറഞ്ഞു. ഇക്കാര്യം യുഡിഎഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.

പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് യോഗശേഷം ജോസ് കെ മാണി പങ്കുവച്ചത്. ഇന്നലത്തെ ചർച്ചയിൽ ഒരു സ്ഥനാർത്ഥിയുടെ പേരും ഉയർന്നു വന്നിട്ടില്ല. ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി കൂടുന്ന കാര്യം അറിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

എന്നാല്‍, കേരള കോണ്‍ഗ്രസുകള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതീക്ഷ പങ്കുവെച്ചത്.

അതേസമയം, പാലായിലെ ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ പത്രിക നൽകി.