നവോത്ഥാന ശ്രമങ്ങൾ കൂടുതൽ ശക്തമാക്കും; തിരുവനന്തപുരം വിജെടി ഹാളിന്‍റെ പേര് അയ്യങ്കാളി ഹാൾ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

single-img
28 August 2019

തലസ്ഥാനത്തെ വിജെടി ഹാളിന്‍റെ പേരു മാറ്റുന്നു. അയ്യങ്കാളി ഹാൾ എന്നാക്കി മാറ്റാനുള്ള നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെറെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായാണ് വിക്ടോറിയ ജൂബിലി ടൗണ്‍ ഹാളെന്ന വിജെടി ഹാളിന്‍റെ പേരുമാറ്റാനുള്ള നടപടികൾ സ്വീകരിക്കുന്നത്.

ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേപോലെ തന്നെ ദുരാചാരങ്ങളെ അരക്കിട്ടുറപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സര്‍ക്കാര്‍ ചെറുക്കുമെന്നും നവോത്ഥാന ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിൽ സത്രീ, ദളിത് മുന്നേറ്റങ്ങൾ യാഥാർത്ഥ്യമാകുന്നത് വരെ നവോത്ഥ‌ന മുന്നേറ്റം തുടരാൻ തന്നെയാണ് തീരുമാനം എന്നും മുഖ്യമന്ത്രി അറിയിച്ചു. ബ്രിട്ടനിലെ വിക്ടോറിയാ രാജ്ഞിയുടെ കിരീടധാരണത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷ സ്മരണക്കാണ് തിരുവനന്തപുരത്ത് ടൗൺഹാൾ നിര്‍മ്മിച്ചത്.

1896 കാലഘട്ടത്തിൽ ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് പണികഴിപ്പിച്ച കെട്ടിടത്തിലായിരുന്നു തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സഭ പ്രവര്‍ത്തിച്ചിരുന്നത്. ഈ സഭയിലെ അംഗമായിരുന്നു അയ്യങ്കാളി. അതിനാലാണ് അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥം കെട്ടിടത്തിന് അയ്യങ്കാളി ഹാള്‍ എന്ന പേര് നല്‍കുന്നത്.