പി എസ് സി പരീക്ഷാ തട്ടിപ്പിലെ പ്രതികൾ കാരണം പെരുവഴിയിലായത് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ

single-img
27 August 2019

തിരുവനന്തപുരം : തിരുവനന്തപുരം യുണിവേഴ്സിറ്റി കോളജിലെ കുത്തു കേസിലെ  പ്രതികൾ ഉൾപ്പെട്ട പി എസ് സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങൾ അനിശ്ചിതത്വത്തിൽ. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ പി എസ് സി ക്ക് നിയമന ഉത്തരവ് അയക്കാനാവില്ല എന്നതാണ് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി തുലാസിലാക്കിയത്.

റാങ്ക് പട്ടികയിലുള്ള പലരുടെയും പിഎസ് സി എഴുതാനുള്ള അവസാന ചാൻസ് ആണിത്. സിവിൽ പൊലിസ് റാങ്ക് ലിസ്റ്റാണ്  ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ  പി എസ് സി മരവിപ്പിച്ചത്. പ്രസ്തുത ലിസ്റ്റ് റദ്ദാക്കുമോ എന്ന ആശങ്ക തുടരുകയാണ്.

പ്രശ്ന പരിഹാരത്തിന് അന്വേഷണം വേഗത്തിൽ ആക്കണം എന്ന് മുഖ്യന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ഈ ഉദ്യോഗാർത്ഥികൾ. പതിനായിരത്തിലധികം പേർ ഉൾപ്പെട്ട ലിസ്റ്റാണ് ഇത്തരത്തിൽ അനിശ്ചിതാവസ്ഥയിലായത്.
കുറ്റം ചെയ്ത ചുരുക്കം ചിലർക്ക് വേണ്ടി ഇത്രയും പേരെ ശിക്ഷിക്കണോ എന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. കുറ്റക്കാരെ തക്കതായി ശിക്ഷിച്ച് മറ്റുള്ള സധാരണക്കാരുടെ കാര്യത്തിൽ അനുകൂല നിലപാട് എടുക്കാൻ വേണ്ട നടപടി സ്വീകരിക്കണം എന്നാണ് ഉദ്യോഗാർത്ഥികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.