പുന്നപ്രയിൽ നിന്നും കാണാതായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കടലില്‍ കല്ലുകെട്ടി താഴ്ത്തി; കുറ്റസമ്മതവുമായി പ്രതികള്‍

single-img
23 August 2019

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ നിന്നും കാണാതായ കാകൻ മനു എന്ന മനു(28)വിനെ കൊലചെയ്ത ശേഷം കടലില്‍ താഴ്ത്തിയതാണെന്ന് പ്രതികള്‍. പുന്നപ്ര വടക്ക് പഞ്ചായത്തിലെ രണ്ടുതൈവെളിയില്‍ മനു(28)വിനെയാണ് കഴിഞ്ഞ 19 മുതല്‍ പറവൂരില്‍ നിന്നും കാണാതായത്. യുവാവിന്റെ അച്ഛൻ മനോഹരന്‍ പുന്നപ്ര പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം.

തൈപ്പറമ്പില്‍ അപ്പാപ്പന്‍ പത്രോസ്(28), വടക്കേ തൈയ്യില്‍ സനീഷ് (സൈമണ്‍-29) എന്നിവരെ പോലീസ് പിന്നീട് പിടികൂടി. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കിരിയില്‍ ഓമനകുട്ടന്‍(ജോസഫ് -19), പനഞ്ചിക്ക ല്‍ വിപിന്‍ (ആന്റണി സേവ്യര്‍-28) എന്നിവരുടെ കൂടി സഹായത്തോടെയാണ് മനുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി. മനുവിനെ ഇവർ ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് മൊഴി.

മനുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിലിലാണ് പോലീസ്. പ്രതികളായ ഓമനക്കുട്ടനെയും വിപിനെയും പിടികൂടാൻ തെരച്ചിൽ തുടങ്ങി. കൊല്ലപ്പെട്ട മനുവിനും പ്രതികൾക്കുമെതിരെ നിരവധി ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. ഗുണ്ടാപ്പകയാണ് അക്രമത്തിന് പിന്നിലെന്നാണ്പോലീസിന്റെ നിഗമനം.

പറവൂരിലുള്ള ബാറില്‍ നിന്നും മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഓമനകുട്ടന്‍ മനുവിനെ തടഞ്ഞുനിര്‍ത്തുകയും വിപിന്‍ മര്‍ദ്ദിക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് നിലത്തുവീണ മനുവിനെ ഇവർ വീണ്ടും മര്‍ദ്ദിച്ചു. പിന്നീട് പ്രതികൾ വീണ്ടും ബാറില്‍ക്കയറി ബിയർ വാങ്ങി പുറത്തേക്കിറങ്ങി. ഈ സമയം ദേശിയപാതയുടെ പടിഞ്ഞാറുഭാഗത്ത് ഇവരുടെ സ്‌കൂട്ടറിനു സമീപം നിന്ന് മനു ഫോണില്‍ സംസാരിക്കുകയായിരുന്നു.

മനു തങ്ങളെ ആക്രമിക്കാൻ മനു സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയാണെന്ന് കരുതി പ്രതികൾ നാലുപേരും ചേര്‍ന്ന് വീണ്ടും മനുവിനെ ആക്രമിക്കുകയും ബിയര്‍ കുപ്പിയും ഇഷ്ടികയും ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതക ശേഷം പ്രതികളിൽ രണ്ടു പേര്‍ ചേര്‍ന്ന് സ്‌കൂട്ടറിൽ മൃതദേഹം ഗലീലിയ തീരത്തേക്ക് എത്തിച്ചു. അവിടെ ഒരാള്‍ സ്‌കൂട്ടറില്‍ തിരിച്ചെത്തി മറ്റ് രണ്ടുപേരെക്കൂടി ഗലീലിയായില്‍ എത്തിച്ചു. അതിനെ തുടർന്ന് നാലുപേരും ചേർന്ന് മൃതദേഹത്തിൽ കല്ലുകൂട്ടിക്കെട്ടി പൊങ്ങുവള്ളത്തില്‍ കയറ്റി. കടലിലെ അഞ്ച് അടിയോളം താഴ്‌ചയുള്ള ഭാഗത്ത് എത്തിയപ്പോൾ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തിരിച്ചു കരയിലെത്തിയ പ്രതികൾ തങ്ങളുടെ വസ്ത്രങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.