നെടുമ്പാശേരി വിമാനത്താവളം പ്രവർത്തനസജ്ജം; ഇന്ന് സര്‍വീസുകള്‍ പുനരാരംഭിക്കും

single-img
11 August 2019

റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഇന്ന് ഉച്ചയോടെ പ്രവർത്തനസജ്ജമാകും. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതലാണ് വിമാനത്താവളം അടച്ചിട്ടത്. ഇന്ന് രാവിലെ എട്ടുമണിയോടെ ബോര്‍ഡിങ് പാസ് കൊടുത്തുതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

ഇപ്പോഴും വിമാനത്താവളത്തിലെ വെള്ളം വറ്റിക്കാനായി പമ്പിങ് തുടരുകയാണ്. പ്രവർത്തനം നിർത്തിവെക്കുമ്പോൾ വിമാനത്താവളത്തിന്‍റെ പ്രവർത്തന മേഖലയുടെ 60 ശതമാനവും വെള്ളത്തിനടിയിലായിരുന്നു.

ടെർമിനലിലെ മൂന്നില്‍ ചരക്കു കയറ്റുന്ന ഭാഗം, ഫയർ സ്റ്റേഷൻ, ടാക്സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറി. എന്നാൽ ടെർ‌മിനൽ കെട്ടിടത്തിന് അകത്ത് വെള്ളം കയറിയിരുന്നില്ല. ഈ സമയം ഏഴ് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ കുടുങ്ങിയത്. കൊച്ചിയിലേക്ക് എത്തേണ്ട വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു. മഴ തുടര്‍ന്നതും ജലനിരപ്പ് ഉയർന്നതും കണക്കിലെടുത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനു വിമാനത്താവളത്തിന്റെ പ്രവർത്തനം ‍ഞായറാഴ്ചവരെ നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.