മദ്യപിച്ചുവെന്നത് ശ്രീറാം നിഷേധിച്ചാലും നാടാകെ അംഗീകരിക്കുന്നു: പിണറായി വിജയൻ

single-img
7 August 2019

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്നത് അദ്ദേഹം നിഷേധിച്ചാലും നാടാകെ അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനു തത്തുല്യമായ പദവിയും നിയമപരിജ്ഞാനവുമുള്ളയാൾ ഇത്തരത്തിൽ നിയമലംഘനം നടത്തിയെന്നത് നിസാരകാര്യമല്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ കേസന്വേഷണത്തിലും നിയമനടപടികളിലും വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടസമയത്ത് ശ്രീറാമിനെ കണ്ട എല്ലാവരും അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് പറയുണ്ട്. ഇനി അദ്ദേഹം പറയുന്നതംഗീകരിച്ച് മദ്യപിച്ചിട്ടില്ല എന്ന് സമ്മതിച്ചാൽ അമിതവേഗതയിൽ വാഹനമോടിച്ചതെന്തിനാണെന്ന് അദ്ദേഹം വിശദീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Press Meet

Press Meet

Posted by Pinarayi Vijayan on Wednesday, August 7, 2019

ഐഎഎസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ എല്ലാ ഐഎഎസ് ഉദ്യോഗസ്ഥരെയും അടച്ചാക്ഷേപിക്കരുതെന്നും ശ്രീറാം വെങ്കിട്ടരാമനെപോലെയല്ലാത്ത നിരവധിപേർ സർവ്വീസിലുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മരണപ്പെട്ട മാധ്യമപ്രവർത്തകന്റെ കുടുംബത്തിനുവേണ്ടി എന്തുചെയ്യാൻ കഴിയുമെന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.