ശ്രീറാം വെങ്കിട്ടരാമന്റെ കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടിവരും; സിപിഎമ്മിന് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം

single-img
5 August 2019

മദ്യലഹരിയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സിപിഎമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേസില്‍ ശക്തമായ നടപടി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം തുടരുന്ന സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്റെ ഇടപെടല്‍.

നിലവില്‍ മക്കയിലുള്ള കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു. കാന്തപുരം വിഭാഗത്തിന്‍റെ കീഴിലുള്ള സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവിയായിരുന്നു കൊല്ലപ്പെട്ട കെഎം ബഷീര്‍. അതിനാല്‍ ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് സംഘടനാപരമായ ബാധ്യതയായി കൂടി കാന്തപുരം ഗ്രൂപ്പ് കണക്കാക്കുന്നു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതിലുള്ള ആശങ്ക നേരത്തേ തന്നെ സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും കാന്തപുരം വിഭാഗം അറിയിച്ചിരുന്നു.
ആശുപത്രിയില്‍ എത്തിച്ച ശ്രീറാമിന്റെ രക്തസാംപിള്‍ പരിശോധനയിലെ അട്ടിമറി പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനോടുള്ള നിലപാട് സംഘടന കടുപ്പിച്ചത്.

കേസ് അന്വേഷണം അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സംഘടന നേതൃത്വം അറിയിച്ചു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്ന ഉറപ്പ് മുഖ്യമന്ത്രി തന്നെ വിളിച്ച കാന്തപുരത്തിന് നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ കാന്തപുരം വിഭാഗം മുഖവിലക്കെടുത്തിട്ടില്ല. പരസ്യമായുള്ള പ്രതിഷേധം നടത്താന്‍ സംഘടനയുടെ തിരുവനന്തപുരം ജില്ലാ ഘടകത്തിന് കേരള മുസ്ലിം ജമാഅത്ത് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത ഘട്ടമായി സംസ്ഥാന തലത്തില്‍ പ്രക്ഷോഭം നടത്തുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കും. ഈ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന ഏക മുസ്ലിം ഗ്രൂപ്പാണ് കാന്തപുരത്തിന്റേത് എന്ന പ്രത്യേകതയും ഉണ്ട്.