ജമ്മു കാശ്മീരിൽ സൈന്യത്തെ വിന്യസിച്ചതില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ്

single-img
3 August 2019

ജമ്മു കാശ്മീരില്‍ അടിയന്തിര സാഹചര്യമില്ലാതെ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതില്‍ ദുരൂഹത ആരോപിച്ചുകൊണ്ട്‌ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് . സംസ്ഥാനത്തെ അമർനാഥ് തീര്‍ത്ഥാടനം റദ്ദാക്കിയതിനെ ന്യായീകരിക്കാനാവില്ല. പാതയില്‍ ഒരു കുഴിബോംബ് കിട്ടിയതിന്റെ പേരിൽ അമര്‍നാഥ് യാത്ര റദ്ദാക്കാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുൽവാമയില്‍ ഉണ്ടായ ഭീകരാക്രമണം ഒഴിച്ചാൽ ഈ വർഷം കാര്യമായ ആക്രമണങ്ങളൊന്നും കാശ്മീരിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പ്രത്യേക സാഹചര്യം ഇല്ലാതെ കൂടുതൽ സൈന്യത്തെ വിന്യസിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അതീവജാഗ്രതാ നിര്‍ദ്ദേശത്തില്‍ ജമ്മു കാശ്മീരിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. അവധിക്കാല വിനോദസഞ്ചാരികളെ പോലും തിരികെവിളിച്ചുകൊണ്ടുള്ള തരത്തിലൊരു മുന്നറിയിപ്പ് കഴിഞ്ഞ കാലത്തൊന്നും ഉണ്ടായിട്ടില്ല. നിലവിലെ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍
ജനങ്ങള്‍ക്കിടയില്‍ ഭയവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

അതേപോലെ കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതുപോലൊരു സാഹചര്യം കശ്മീരിൽ കണ്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കരൺ സിംഗ് പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ അസാധാരണ സാഹചര്യത്തിന്റെ കാരണമെന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.