ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കില്ലെന്ന് അമേരിക്കയും റഷ്യയും; ആശങ്കയോടെ യുഎൻ

single-img
2 August 2019

ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കില്ല എന്ന അമേരിക്കയുടെയും റഷ്യയുടെയും തീരുമാനത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. ലോകത്തിൽ ഒരു ആണവ യുദ്ധത്തിന് തന്നെ തടയിടുന്ന കരാറിന്‍റെ കാലാവധി കഴിയുന്നത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് ഗുട്ടറസ് അഭിപ്രായപ്പെട്ടു. ലോക വ്യാപകമായി ആണവ വ്യാപാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും റഷ്യയും ഒപ്പുവെച്ച കരാറാണ് വെള്ളിയാഴ്ച അവസാനിക്കുന്നത്.

1987ലായിരുന്നു ഇരുരാജ്യങ്ങളുടെയും പ്രസിഡന്‍റുമാര്‍ തമ്മില്‍ കരാര്‍ ഒപ്പുവച്ചത്. ഈ കരാർ അനുസരിച് 500 മുതൽ 5500 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകളുടെ പരീക്ഷണം നിരോധിക്കപ്പെട്ടിരുന്നു. റഷ്യ തുടർച്ചയായി കരാർ ലംഘിക്കുന്നുവെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കരാർ പുതുക്കാനില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്.

അമേരിക്ക തീരുമാനം അറിയിച്ചതിന് പിന്നാലെ റഷ്യയും കരാറിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു. മുന്നോട്ടുള്ള കാലത്തിൽ മികച്ച കരാറുമായി അമേരിക്കയും റഷ്യയും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.