അനുഷ്‌കയെയും അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ; പുതിയ വിവാദം

single-img
26 July 2019

ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മിലടിയെന്ന വാര്‍ത്തകള്‍ക്കിടെ പുതിയ വിവാദം. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കോലിയെ നേരത്തെ തന്നെ രോഹിത് അണ്‍ഫോളോ ചെയ്തിരുന്നു. എങ്കിലും രോഹിത് ശര്‍മയെ കോലി ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്.

ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിവക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും പേരില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടുവെന്നുമായിരുന്നു ലോകകപ്പിനു തൊട്ടുപിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ട്.

ഒരു കോടി 20 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയെ ഫോളോ ചെയ്യുന്നത്. എന്നാല്‍ രോഹിത് തിരിച്ച് പിന്തുടരുന്നതാകട്ടെ ഇന്ത്യന്‍ ടീം അംഗങ്ങളുള്‍പ്പെടെ 95 പേരെയാണ്. മുംബൈ ഇന്ത്യന്‍സ് താരമായ മയാങ്ക് മാര്‍കണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കേദാര്‍ ജാദവ്, ശിഖര്‍ ധവാന്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ഭജന്‍ സിംഗ്, ശ്രേയസ് അയ്യര്‍, യുവരാജ് സിംഗ്, പ്രഗ്യാന്‍ ഓജ, സഹീര്‍ ഖാന്‍ എന്നിവരാണ് രോഹിത് പിന്തുടരുന്ന ഇന്ത്യന്‍ താരങ്ങള്‍.

ഇവര്‍ക്ക് പുറമെ കെയ്ന്‍ വില്യംസണ്‍, മിച്ചല്‍ ജോണ്‍സണ്‍, കീറോണ്‍ പൊള്ളാര്‍ഡ്, ടിം സൗത്തി, കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങിയ വിദേശ ക്രിക്കറ്റര്‍മാരെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസ്സി, നെയ്മര്‍, സ്റ്റീവന്‍ ജെറാര്‍ഡ് എന്നീ ഫുട്‌ബോള്‍ താരങ്ങളെയും ഹിറ്റ്മാന്‍ ഫോളോ ചെയ്യുന്നുണ്ട്.