ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ • ഇ വാർത്ത | evartha
National

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. യൂണിവേഴ്സിറ്റിയില്‍ സെന്‍റര്‍ ഫോര്‍ ദലിത് ആന്‍ഡ് ആദിവാസി സ്റ്റഡീസ് ആന്‍ഡ് ട്രാന്‍സ്ലേഷനില്‍ പിഎച്ച്ഡി ചെയ്യുന്ന ദീപിക മഹാപാത്ര(29)യെയാണ് കഴിഞ്ഞ ദിവസം കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്.

ഇവരെ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. ഖൊരഗ്പുര്‍ സ്വദേശിയാണ് മരിച്ച ദീപിക. ദീപിക അപസ്മാര രോഗിയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും ഗച്ചിബൗളി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ എട്ടോടെയാണ് കുളിമുറിയില്‍ ദീപികയെ അബോധാവസ്ഥയില്‍ കണ്ടത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റിയിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അബോധാവസ്ഥയില്‍ കണ്ട ദീപികയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ദീപികയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. അതേസമയം വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.