കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവായ പെരുമാറ്റച്ചട്ടം വേണം: ഗവർണർ

single-img
20 July 2019

കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവായ പെരുമാറ്റച്ചട്ടം വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യണം.

ക്യാംപസുകളിൽ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കാണ് പ്രധാന പരിഗണന നല്‍കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റേയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടേയും പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ന് കൊച്ചിയില്‍ ടൂറിസം വകുപ്പിന്റെ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലും പി എസ് സിയുടെ പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും വിശദമായ റിപ്പോര്‍ട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍, സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് പുറമെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഗവര്‍ണറെ കണ്ട് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.