സൗദിയിലെ നാലു വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് വിലക്ക്; കേരളത്തില്‍നിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും യാത്രചെയ്യാനെത്തിയവരെ വിലക്കി

single-img
20 July 2019

സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് നാലു വിമാനത്താവളങ്ങളില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഹജ്ജ് സീസണ്‍ പ്രമാണിച്ചാണ് നിയന്ത്രണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ജിദ്ദ കിങ് അബ്ദുല്‍ അസീസ്, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്, യാമ്പുവിലെ പ്രിന്‍സ് അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ്, തായിഫിലെ ജനറല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.

ബിസിനസ് സന്ദര്‍ശക വീസ, തൊഴില്‍ സന്ദര്‍ശക വീസ, കുടുംബ സന്ദര്‍ശക വീസ എന്നീ 3 വിഭാഗത്തില്‍പെട്ടവരാണ് ഈ ഗണത്തില്‍പ്പെടുക. ഓഗസ്റ്റ് 12 വരെ ഈ സെക്ടറില്‍ നേരിട്ടുള്ള വിമാനത്തില്‍ ബുക്ക് ചെയ്ത രാജ്യാന്തര യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുകയോ മറ്റു സെക്ടറിലേക്ക് യാത്ര മാറ്റുകയോ ചെയ്യണം.

നേരിട്ടുള്ള വിമാനത്തില്‍ ഈ 4 വിമാനത്താവളങ്ങളിലും യാത്രക്കാരെ സ്വീകരിക്കരുതെന്ന് എയര്‍ലൈനുകള്‍ക്ക് വ്യോമയാന വകുപ്പ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് കഴിഞ്ഞ ദിവസം കേരളത്തില്‍നിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും യാത്രചെയ്യാനെത്തിയവരെ വിലക്കിയിരുന്നു.

സൗദി ഉള്‍പ്പെടെ ഈ സെക്ടറിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന എല്ലാ എയര്‍ലൈനുകള്‍ക്കും നിര്‍ദേശം ബാധകമാണ്. റിയാദ്, ദമാം വിമാനത്താവളം അടക്കം സൗദിയിലെ മറ്റു സെക്ടറുകളിലേക്കുള്ള യാത്രയ്ക്ക് വിലക്കില്ല. ആഭ്യന്തര യാത്രക്കാര്‍ക്ക് വിലക്കില്ലാത്തതിനാല്‍ മറ്റു വിമാനത്താവളത്തില്‍ ഇറങ്ങി ഇവിടേക്ക് വരുന്നതിനും തടസമില്ല. സന്ദര്‍ശക വീസക്കാര്‍ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കണം. ഇതേസമയം തൊഴില്‍ വീസയുള്ളവര്‍ക്ക് വിലക്കില്ല.