സിംബാവെ ക്രിക്കറ്റ് ബോര്‍ഡിനെ ഐ.സി.സി പുറത്താക്കി

single-img
19 July 2019

സിംബാവെ ക്രിക്കറ്റ് ബോര്‍ഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്താക്കി. ക്രിക്കറ്റ് ബോര്‍ഡിലെ അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ തടയാന്‍ അധികൃതര്‍ക്കായില്ലെന്ന് വിലയിരുത്തിയാണ് ഐ.സി.സിയുടെ നടപടി. ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിലാണ് തീരുമാനം.

ഐ.സി.സി നിയമങ്ങളുടെ ലംഘനമാണ് സിംബാവെ ക്രിക്കറ്റ് ബോര്‍ഡില്‍ നടക്കുന്നതെന്നും രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും ക്രിക്കറ്റിനെ മാറ്റിനിര്‍ത്തണമെന്നാണ് നിലപാടെന്നും ഐ.സി.സി അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ പറഞ്ഞു.

ഐ.സി.സി പുറത്താക്കിയതോടെ സിംബാവെക്കുള്ള ക്രിക്കറ്റ് ഫണ്ടിങ് നിലയ്ക്കും. ഐ.സി.സി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ടീമിന് പങ്കെടുക്കാനും സാധിക്കില്ല. ഇതോടെ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ടീം പങ്കെടുക്കുന്നത് സംശയത്തിലായി.