ഓവര്‍ ത്രോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ഐസിസി • ഇ വാർത്ത | evartha
Sports

ഓവര്‍ ത്രോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ഐസിസി

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് ഓവര്‍ ത്രോയിലൂടെ ആറ് റണ്‍സ് അനുവദിച്ച സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ഐസിസി. ഐസിസി നിയമങ്ങള്‍ അനുസരിച്ച് ഫീല്‍ഡ് അമ്പയര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ ഐസിസിക്ക് അഭിപ്രായം പറയാനാവില്ലെന്നും ഐസിസി വക്താവ് വ്യക്തമാക്കി.

”ഐ.സി.സിയുടെ നിയമപുസ്തകവും നിയമങ്ങളും അടിസ്ഥാനമാക്കി അമ്പയര്‍മാരാണ് കളിക്കളത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ ഐ.സി.സി നയമനുസരിച്ച് ഞങ്ങള്‍ക്ക് സാധിക്കില്ല” ഐ.സി.സി വക്താവ് പറഞ്ഞു. ഫോക്‌സ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഫൈനലിലെ അവസാന ഓവറിലായിരുന്നു ഓവര്‍ത്രോ വിവാദം. ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടക്കുകയായിരുന്നു. അമ്പയര്‍ കുമാര്‍ ധര്‍മസേന ഈ പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് അനുവദിക്കുകയായിരുന്നു.

എന്നാല്‍ ഐ.സി.സി നിയമപ്രകാരം അഞ്ചു റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത്. ഇത് മത്സരഫലത്തില്‍ നിര്‍ണായകമായി. ഐ.സി.സി അമ്പയര്‍മാരുടെ എലൈറ്റ് പാനലില്‍ അംഗമായിരുന്ന സൈമണ്‍ ടോഫലും പല മുതിര്‍ന്ന താരങ്ങളും ഈ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു.