ധോണിയെ നിര്‍ബന്ധിച്ച് വിരമിപ്പിക്കാന്‍ നീക്കം ?

single-img
15 July 2019

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ സജീവമാണ്. ലോകകപ്പിലുടനീളം സ്‌കോറിംഗ് വേഗക്കുറവിന്റെ പേരില്‍ ധോണി വിമര്‍ശനം കേട്ടിരുന്നു.

സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ ഈ വിമര്‍ശനങ്ങള്‍ അതിരുകടന്നു. കിവികള്‍ക്കെതിരെ ധോണി ഭേദപ്പെട്ട പ്രകടനം നടത്തി എന്ന വസ്തുത മറന്നായിരുന്നു ഈ വിമര്‍ശനങ്ങളൊക്കെയും. ധോണിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.

എന്നാല്‍ ഇന്ത്യന്‍ ടീമംഗമെന്ന നിലയില്‍ ധോണിയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന തരത്തിലാണ് ബിസിസിഐ. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയില്‍ ധോണി സ്വയം തീരുമാനമെടുക്കാന്‍ കാക്കുകയാണവര്‍.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ മുന്‍നിര്‍ത്തി പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള തയാറെടുപ്പുകളിലേക്കു കടക്കും മുന്‍പ് ധോണി തീരുമാനം അറിയിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷയെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വിരമിക്കാന്‍ സമയമായി എന്നറിയിക്കുന്നതിന് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘ഇതുവരെയും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാത്തതില്‍ ഞങ്ങള്‍ക്ക് അദ്ഭുതമുണ്ട്. ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങള്‍ അവസരം കാത്തിരിക്കുകയാണ്.

ലോകകപ്പില്‍ നമ്മള്‍ കണ്ടതുപോലെ ധോണി ഇപ്പോള്‍ ആ പഴയ ബെസ്റ്റ് ഫിനിഷറല്ല. ആറ്, ഏഴ് നമ്പറുകളിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിലും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് റണ്‍നിരക്കുയര്‍ത്താന്‍ അദ്ദേഹത്തിന് ഇപ്പോള്‍ സാധിക്കുന്നില്ല. ചില മല്‍സരങ്ങളില്‍ ടീമിന്റെ സാധ്യതയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്തു’ ബിസിസിഐയോട് അടുത്തുനില്‍ക്കുന്ന, പേരു വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ധോണിയെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. മുന്‍കാല പ്രകടനങ്ങളുടെ പേരിലോ മുതിര്‍ന്ന താരമെന്ന പേരിലോ ധോണിയെ ഇനിയും ടീമില്‍ നിലനിര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് പേരു വെളിപ്പെടുത്താത്ത മുന്‍ ഇന്ത്യന്‍ താരത്തെ ഉദ്ധരിച്ച് ഇതേ റിപ്പോര്‍ട്ട് പറയുന്നു.