ന്യൂസിലന്‍ഡിന് നാണക്കേടിന്റെ റെക്കോഡ്

single-img
10 July 2019

ഇന്ത്യക്കെതിരായ സെമിഫൈനലില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡിന് നാണക്കേടിന്റെ റെക്കോഡ്. ഈ ലോകകപ്പില്‍ ആദ്യ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസിലന്‍ഡിന് കിട്ടിയത്. ആദ്യ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമാണ് കിവീസ് അടിച്ചെടുത്തത്.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടിയതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്‌കോര്‍. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സായിരുന്നു എടുത്തിരുന്നത്. ഗുപ്റ്റിലിന്റെ വിക്കറ്റ് വീഴ്ത്തി ബുംറ കിവീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ആ സമയത്ത് ന്യൂസീലന്‍ഡ് ആകെ നേടിയത് ഒരൊറ്റ റണ്‍ മാത്രമായിരുന്നു. ഇന്ത്യക്കെതിരെ വിന്‍ഡീസ് നേടിയ 29/2 ആണ് ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ പവര്‍ പ്ലേ സ്‌കോര്‍.

ന്യൂസീലന്‍ഡ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഓപ്പണര്‍മാരുടെ ഫോമില്ലായ്മയാണ്. ഒരൊറ്റ മത്സരത്തില്‍ ഒഴികെ മറ്റെല്ലാറ്റിലും ടീമിനെ കൈവിടുകയായിരുന്നു ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടില്ലും കോളിന്‍ മണ്‍റോയും ഹെന്റി നിക്കോള്‍സും. സെമിവരെ കളിച്ച ഒന്‍പത് മത്സരങ്ങളിലായി ആകെ 221 റണ്‍സാണ് മൂവരും ചേര്‍ന്ന് നേടിയത്.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 137 റണ്‍സ് നേടിയശേഷമാണ് അവര്‍ അവിശ്വസനീയമാംവണ്ണം നിരാശപ്പെടുത്തിയത്. പത്ത് വിക്കറ്റിന് വിജയിച്ച ആ മത്സരത്തില്‍ ഗുപ്ടില്‍ 73 ഉം മണ്‍റോ 58 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പിന്നീടങ്ങോട്ട് ദയനീയമായിരുന്നു ഓപ്പണര്‍മാരുടെ പ്രകടനം.

ബംഗ്ലാദേശിനെതിരേ 35, അഫ്ഗാനിസ്താനെതിരേ പൂജ്യം, (ഈ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി ഗുപ്ടില്‍ ചരിത്രം രചിക്കുകയും ചെയ്തു.) ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 12, വിന്‍ഡീസിനെതിരേ പൂജ്യം, പാകിസ്താനെതിരേ അഞ്ച്, ഓസ്‌ട്രേലിയക്കെതിരേ 29, ഇംഗ്ലണ്ടിനെതിരേ രണ്ട് എന്നിങ്ങനെയാണ് ഓപ്പണര്‍മാരുടെ സംഭാവന.