മോദിക്കും രാജ്യത്തിനും വിരുദ്ധമായ പ്രചാരണങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത് കേരളത്തിലെ ബുദ്ധിജീവികള്‍: കെ സുരേന്ദ്രന്‍

single-img
7 July 2019

രാജ്യത്തുണ്ടാകുന്ന മോദി- ദേശവിരുദ്ധ കാമ്പയിനുകളുടെ ഉറവിടം കേരളമാണെന്ന് ബിജെപി കേരളാ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മോദി- ദേശവിരുദ്ധ പ്രചരണങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്ന ‘ഹോള്‍സെയില്‍ ഡീലര്‍മാര്‍’ കേരളത്തിലെ ബുദ്ധിജീവികളാണ് എന്ന് ബിജെപിയുടെ കോഴിക്കോട് ജില്ലാ തല അംഗത്വ കാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യംമുഴുവന്‍ തിരസ്‌കരിച്ച കോണ്‍ഗ്രസിനെ കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചത് ഈ പ്രചാരണത്തിന്റെ ഭാഗമായാണ് എന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതുപോലുള്ള നിലപാടുകള്‍ കേരളത്തിന്റെ വികസനത്തെയാണ് ബാധിക്കുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇനി തിരിച്ചുവരാന്‍ സാധിക്കില്ല. ചരിത്രവും അതാണ് കാണിക്കുന്നത്. ബിജെപിയും കൂടെ വര്‍ഗീയ പാര്‍ട്ടികളുടെ പിന്തുണയുള്ള യുഡിഎഫുമായിരിക്കും കേരളീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇനിയുണ്ടാവുകയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.