യുഎഇയില്‍ എത്തുന്നവര്‍ക്ക് സൗജന്യ സിം കാര്‍ഡ്; ടോക് ടൈമും ഡാറ്റയും ഫ്രീ

single-img
6 July 2019


യുഎഇയിലെത്തുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ നിന്ന് സൗജന്യ സിം കാര്‍ഡ് ലഭിക്കും. അബുദാബിയില്‍ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഐ) മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്.

യു.എ.ഇ.യിലെ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് സിം വിതരണം. ദുബായ് താമസ-കുടിയേറ്റ വകുപ്പ് ഏതാനും ദിവസംമുമ്പാണ് ഡു കമ്പനിയുമായി സഹകരിച്ച് സൗകര്യം നടപ്പാക്കിത്തുടങ്ങിയത്.

20 എം.ബി. ഡേറ്റ, മൂന്നു മിനിറ്റ് സംസാരസമയം, അഞ്ച് സൗജന്യ എസ്.എം.എസ്. എന്നിവയടങ്ങുന്ന സിംകാര്‍ഡ് വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറില്‍നിന്നായിരിക്കും ലഭിക്കുന്നത്.

രാജ്യത്ത് എവിടെവെച്ചും ഈ സിംകാര്‍ഡ് ഉടമയ്ക്ക് റീച്ചാര്‍ജ് ചെയ്യാം. സന്ദര്‍ശകന്‍ രാജ്യംവിടുന്നതുവരെയോ വിസയുടെ കാലാവധി കഴിയുന്നതുവരെയോ ആയിരിക്കും സിംകാര്‍ഡിന്റെ പ്രവര്‍ത്തനം.

യു.എ.ഇ.യില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പെട്ടെന്നുതന്നെ രാജ്യത്തുള്ള പരിചയക്കാരുമായി ബന്ധപ്പെടാനും നാട്ടിലേക്കു വിളിക്കാനുമുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ.യെ ലോകത്തെ മികച്ച സഞ്ചാരിസൗഹൃദരാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി.