സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ആളില്ലാ വിമാനാക്രമണം; വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

single-img
6 July 2019

സൗദിയിലെ ജിസാന്‍ വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച ആളില്ലാ വിമാനം സഖ്യസേന തകര്‍ത്തു. ഇന്നലെ രാത്രി നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസാന്‍, അബഹ വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വൈകി. സൗദി സഖ്യസേനയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

ഇന്നലെ രാത്രി പ്രാദേശിക സമയം പത്ത് മണിയോടെയാണ് ആക്രമണം നടത്തിയത് എന്നാണ്ഹൂതികള്‍ പ്രഖ്യാപിച്ചത്. അബഹ, ജിസാന്‍ വിമാനത്താവളങ്ങളിലേക്ക് ആളില്ലാ വിമാനങ്ങള്‍ അയച്ചെന്നായിരുന്നു അറിയിപ്പ്. എന്നാൽ സന്‍ആയില്‍ നിന്ന് പുറപ്പെട്ട ആളില്ലാ വിമാനത്തെ സഖ്യസേനയുടെ നേതൃത്വത്തില്‍ തകര്‍ത്തിട്ടു.

ജിസാനിലെ കിങ് അബ്ദുള്ള വിമാനത്താവളം ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ എത്തിയത്. അബഹയിലേക്കും ഡ്രോണയച്ചതായി ഹൂതികള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇരു വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ അര മണിക്കൂറിലേറെ വൈകി. ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ആക്രമണം തുടരുന്നുണ്ട് സൌദി സഖ്യസേന അറിയിച്ചു.

ഇറാൻ പിന്തുണയോടെ ഹൂത്തി കുറ്റവാളികൾ പൊതുജന സമ്പർക്ക ഇടങ്ങൾ ലക്ഷ്യമാക്കി ശത്രുതാപരമായും തീവ്രവാദ പരമായും ഉള്ള ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ആഴ്ച അസീർ മേഖലയിലെ അബ്ഹ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ തുടർ ആക്രമണത്തിനു പിന്നാലെയാണിത്.

ഹൂത്തികൾ പുറത്താക്കിയ യുഎൻ പിന്തുണയുള്ള പ്രസിഡന്റ് ആബിദ് റബൂ മൻസൂർ ഹാദിയുടെ യെമൻ സർക്കാർ  പുനഃസ്ഥാപിക്കുന്നതിന് സൗദി സഖ്യ സേന 2015 മാർച്ചിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് സൗദിയെ ലക്ഷ്യമാക്കി ആവർത്തിച്ചുള്ള ഹൂത്തി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

ദശലക്ഷക്കണക്കിനു പേർ കുടിയൊഴിപ്പിക്കപ്പെടുകയും സഹായം ആവശ്യമുള്ളവരായി ശേഷിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും മോശം മാനുഷികാവസ്ഥയുള്ള ഇടമായി യുഎൻ വിശേഷിപ്പിക്കുന്ന വിധം മേഖലയിലെ കലുഷിതാവസ്ഥ തുടരുകയാണ്.