രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണം; ഇടുക്കി എസ്പിയെ സ്ഥലംമാറ്റി

single-img
5 July 2019

നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റി. പകരമായി മലപ്പുറം എസ്പി ടി നാരായണന്‍ ഇടുക്കി എസ്പിയാകും. പോലീസ് കസ്റ്റഡിയില്‍ സംഭവിച്ച രാജ്‍കുമാറിന്‍റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്പിക്കെതിരായ നടപടി.

പ്രസ്തുത റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എസ്പിയെ സ്ഥലംമാറ്റാൻ ഡിജിപി ശുപാ‍ര്‍ശ ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളാണ് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് നൽകിയത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് കേസിന്റെ അന്വേഷണ ചുമതല. സംസ്ഥാന സർക്കാർ ഉത്തരവ് ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. എന്നാല്‍ അന്വേഷണത്തിൽ മന്ത്രി എംഎം മണി ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി.