പരീക്ഷയിൽ മികച്ച വിജയം നേടാൻ സര്‍ക്കാര്‍ സ്കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്ത് അധ്യാപിക; നടപടിക്കൊരുങ്ങി സ്കൂൾ അധികൃതർ

single-img
4 July 2019

പരീക്ഷയിൽ മികച്ച വിജയം നേടാൻ കുട്ടികൾക്ക് സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ആലപ്പുഴയിലെ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപിക പത്രം വിതരണം ചെയ്തത്.

പത്രം പഠിക്കുന്ന പുസ്തകത്തില്‍ സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്നുമാണ് അധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. അതുപോലെ ചെയ്താല്‍ മികച്ച വിജയം നേടുമെന്നും അധ്യാപിക വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. കുട്ടികൾക്ക് അറിവ് പറഞ്ഞുകൊടുക്കേണ്ടവര്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരായി മാറുന്നുവെന്നാരോപിച്ച രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

കൃപാസനത്തിന്റെ വിശ്വാസിയായ അധ്യാപിക പഠനത്തിൽ പിന്നോക്കത്തിലായ കുട്ടിക്ക് കൃപാസനം പത്രം നൽകിയതാണെന്നും അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കുമെന്ന് ഉപദേശിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സ്കൂൾ പിടിഎ ഭാരവാഹികൾ പറയുന്നു.

ഉപദേശിച്ച കൂട്ടത്തിൽ ക്ലാസിലെ കുറച്ച് വിദ്യാർത്ഥികൾക്കുകൂടി അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തു. ഇത് സ്കൂൾ തുറന്ന ആഴ്ചയിൽ നടന്നതാണെന്നും വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നത് കഴിഞ്ഞ ആഴ്ച കൃപാസനം പത്രം ദോശമാവിനൊപ്പം കഴിച്ച് യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സംഭവത്തെ തുടർന്നാണെന്നും നാട്ടുകാരും പറഞ്ഞു. എന്തായാലും കുട്ടികളിൽ ഇങ്ങനൊരു പ്രശ്നം സൃഷ്ടിച്ച അധ്യാപികയ്ക്ക് എതിരെ നടപടിക്ക് ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.