വെച്ചൊഴിഞ്ഞ് രാഹുൽ;പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്ക്: പുതിയ അദ്ധ്യക്ഷനെ പാർട്ടി തെരെഞ്ഞെടുക്കും

single-img
3 July 2019

കോൺഗ്രസ് അദ്ധ്യക്ഷപദം രാജിവെച്ചൊഴിഞ്ഞ് രാഹുൽ ഗാന്ധി. പുതിയ അദ്ധ്യക്ഷനെ പാർട്ടി തെരെഞ്ഞെടുക്കുമെന്നും താൻ അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

“കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷനെന്ന നിലയിൽ 2019-ലെ തെരെഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്കാണ്. ഉത്തരവാദിത്തമേറ്റെടുക്കുക എന്നത് പാർട്ടിയുടെ ഭാവിവളർച്ചയിൽ നിർണ്ണയകമായ കാര്യമാണ്. ഇതേകാരണം കൊണ്ടുതന്നെയാണ് ഞാൻ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്.”

രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പത്രക്കുറിപ്പിൽ പറഞ്ഞു.

പാർട്ടിയുടെ പരാജയത്തിനുത്തരവാദികളായ നിരവധിപേരെ കണ്ടെത്തുകയും കടുത്ത തീരുമാനങ്ങളെടുക്കുകയും ചെയ്താൽ മാത്രമേ പാർട്ടിയ്ക്ക് ഇനി ഒരു തിരിച്ചുവരവ് സാധ്യമാകുകയുള്ളൂ. എന്നാൽ അദ്ധ്യക്ഷനെന്ന നിലയിൽ തന്റെ ഉത്തരവാദിത്തം അവഗണിച്ചുകൊണ്ട് മറ്റുള്ളവരെ ഉത്തരവാദികളാക്കുന്നത് നീതിയല്ലെന്നും രാഹുൽ പറഞ്ഞു.

പുതിയ അദ്ധ്യക്ഷനെ താൻ തന്നെ തെരെഞ്ഞെടുക്കണമെന്ന് മുതിർന്ന നേതാക്കൾ പലരും ആവശ്യപ്പെട്ടെങ്കിലും താൻ അത് നിരസിച്ചെന്നും രാഹുൽ പറയുന്നു. പുതിയ അദ്ധ്യക്ഷൻ തികച്ചും പുതിയ ഒരാളാകണം. അങ്ങനെയൊരാളെ താൻ തെരെഞ്ഞെടുത്താൽ ശരിയാവില്ലെന്നും രാഹുൽ പറഞ്ഞു.

തന്റെ പോരാട്ടം കേവലം രാഷ്ട്രീയ അധികാരത്തിനുവേണ്ടിയായിരുന്നില്ല. ബിജെപിയോട് തനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ല പക്ഷേ തന്റെ ശരീരത്തിലെ ഓരോ ജീവകോശവും ബിജെപിയുടെ ആശയങ്ങളെ നൈസർഗികമായി പ്രതിരോധിക്കുന്നവയാണെന്നും രാഹുൽ പറഞ്ഞു.

മേയ് 25-നു തന്നെ രാഹുൽ രാജി സമർപ്പിച്ചിരുന്നുവെങ്കിലും രാഹുലിനെ പിന്തിരിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ് നേതാക്കൾ ഇതുവരെയും. എന്നാൽ തീരുമാനത്തിലുറച്ചുനിൽക്കുകയായിരുന്നു രാഹുൽ.