ധോണി വിരമിക്കുന്നു?

single-img
3 July 2019

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഇന്ത്യൻ താരം എം.എസ് ധോണിയാണ്. താരത്തിന്റെ മെല്ലേപോക്ക് തന്നെയാണ് ഇതിന് പ്രധാന കാരണവും. ബംഗ്ലാദേശിനെതിരെയും ഇത് ആവർത്തിച്ചതോടെ ആരാധകരുടെ രോക്ഷം കൂടുതൽ അണപ്പൊട്ടുകയാണ്.

അതിനിടെ ലോകകപ്പിന് ശേഷം ധോണി വിരമിച്ചേക്കുമെന്ന് പുതിയ റിപ്പോർട്ട്. ഇത് സംബന്ധിച്ച തീരുമാനം ബിസിസിഐയെ അറിയിച്ചതായാണ് സൂചന. ലോകകപ്പിന് ശേഷം തീരുമാനം ഉണ്ടായേക്കും. പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

‘എംഎസ് ധോണിയുടെ കാര്യം പറയാൻ സാധിക്കില്ല. ലോകകപ്പിന് ശേഷം അദ്ദേഹം തുടരുമോ എന്നത് സംശയമാണ്. ക്യാപ്റ്റൻസി ഒഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നതുകൊണ്ട് തന്നെ നിലവിൽ ഒന്നും പ്രവചിക്കാൻ സാധിക്കില്ല’- മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ 223 റൺസ് മാത്രമാണ് ധോണിക്ക് ഇതുവരെ നേടാനായത്. വിക്കറ്റിന് പിന്നിലും ധോണിയുടെ അവസ്ഥ സമാനമാണ്. ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് വിക്കറ്റുകളുടെ മാത്രം ഭാഗമാകാനേ ധോണിക്ക് സാധിച്ചുള്ളൂ.

രണ്ട് ക്യാച്ചും, രണ്ട് സ്റ്റംപിങ്ങും. ഇതാദ്യമായാണ് വിക്കറ്റിന് പിന്നിൽ ധോണി വിമർശിക്കപ്പെടുന്നത്. ഈ ലോകകപ്പിൽ വിക്കറ്റിന് പിന്നിൽ തിളങ്ങുന്നത് ഓസ്ട്രേലിയയുടെ അലക്സ് ക്യാരിയാണ്. 18 വിക്കറ്റുകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.