മികച്ചൊരു ഇന്നിങ്സിന്റെ പടിവാതില്‍ക്കലാണ് വിജയ് ശങ്കര്‍; പിന്തുണയുമായി കോഹ്‌ലി

single-img
30 June 2019


ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഏറെ വിമര്‍ശനം ഏല്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. എടുത്തുപറയത്തക്ക പ്രകടനങ്ങളൊന്നും വിജയ് ശങ്കര്‍ ഇന്ത്യയ്ക്കായി ഇതുവരെ കാഴ്ച്ചവെച്ചിട്ടില്ല. ഇതോടെ നിരവധി ആരാധകരാണ് ശങ്കര്‍ ടീം ഇന്ത്യയില്‍ തുടരുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

എന്നാല്‍ ശങ്കറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയെല്ലാം തള്ളികളഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി. വിജയ് ശങ്കറിനെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും എതിരായ മത്സരങ്ങളിലെ പ്രകടനങ്ങള്‍ കൂടി കാണണമെന്ന് കോഹ്ലി ആവശ്യപ്പെട്ടു. ശങ്കറിന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

‘വിജയ് ശങ്കര്‍ ഉറച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. ചില സമയങ്ങളില്‍ ക്രിക്കറ്റില്‍ മുപ്പതുകളില്‍നിന്ന് അറുപതുകളിലേക്ക് സ്‌കോര്‍ എത്താന്‍ ഭാഗ്യം കൂടി വേണം. മികച്ചൊരു ഇന്നിങ്സിന്റെ പടിവാതില്‍ക്കലാണ് ഇപ്പോള്‍ വിജയ് ശങ്കര്‍. അയാളില്‍ നിന്ന് ആ പ്രകടനം ഉടനുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.- കോഹ്‌ലി പറഞ്ഞു.

എന്നാല്‍ കോഹ്‌ലിയുടെ അഭിപ്രായമല്ല ഇക്കാര്യത്തില്‍ മുതര്‍ന്ന താരങ്ങള്‍ക്കും ആരാധകര്‍ക്കുമുള്ളത്. നേരത്തെ വിജയ് ശങ്കറിനെ തുടര്‍ന്ന് കളിപ്പിക്കുന്നതില്‍ പരിഹസിച്ച് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തിയിരുന്നു. വിജയ് ശങ്കറിനെ പിന്തുണച്ച് കോഹ്‌ലി രംഗത്തെത്തിയതോടെ ഋഷഭ് പന്തിന് അടുത്ത മത്സരത്തിലും സ്ഥാനമുണ്ടാകില്ലെന്ന നിരാശയിലാണ് ആരാധകര്‍.