വനിതാ ജയിലില്‍ നിന്നും ചാടിയ തടവുകാരെ പിടികൂടിയ പോലീസുകാർക്ക് ഡിജിപിയുടെ വക പ്രശംസാപത്രവും പാരിതോഷികവും

single-img
28 June 2019

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ സബ് ജയിലിൽ നിന്നും തടവ് ചാടിയ സ്ത്രീകളെ പിടികൂടിയ പോലീസ് സംഘത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രശംസാപത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. പോലീസ് സംഘം തടവ് ചാടിയവരെ പിടികൂടുന്നതിന് കാണിച്ച അർപ്പണബോധം പരിഗണിച്ചാണിത്.

തലസ്ഥാനത്തെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി അശോകൻ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ്, പാലോട് എസ്ഐ എസ് സതീഷ് കുമാർ, പാങ്ങോട് എസ്ഐ ജെ അജയൻ, ഗ്രേഡ് എസ്ഐ എം ഹുസൈൻ, പാങ്ങോട് ഗ്രേഡ് എഎസ്ഐ കെ പ്രദീപ്, വലിയമല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ദിലീപ് കുമാർ, പാങ്ങോട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിസ്സാറുദീൻ ആർ എസ് എന്നിവർക്കാണ് പ്രശംസാപത്രം ലഭിക്കുക.

സംഘത്തില്‍ ഉള്‍പ്പെട്ട എസ്ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു ജയില്‍ ചാടിയ ശില്‍പ്പ, സന്ധ്യ എന്നിവരെ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ചയാണ് ഇരുവരും ജയില്‍ ചാടിയത്. ഇരുവരും ശിൽപ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പോലീസും റൂറൽ എസ്പിയുടെ കീഴിലുള്ള ഷാഡോ പോലീസും ചേർന്ന്പിടികൂടുകയായിരുന്നു.

കേസ് അന്വേഷിച്ചിരുന്ന ഫോര്‍ട്ട് പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. ജയില്‍ ചാടിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.