മക്കളുടെ വിവാഹത്തിന് ഭൂമിയില്ലാത്തവര്‍ക്ക് ലക്ഷങ്ങളുടെ വിലയുള്ള ഭൂമി ദാനം നൽകി മുസ്ലീം ലീഗ് നേതാവ്

single-img
27 June 2019

മക്കളുടെ വിവാഹത്തിന് ഭൂമിയില്ലാത്തവര്‍ക്ക് ലക്ഷങ്ങളുടെ വിലയുള്ള ഭൂമി ദാനം നൽകി മുസ്ലീം ലീഗ് നേതാവ്. മുണ്ടക്കയം നെന്മേനി സ്വദേശിയും മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റുമായ അസീസ് ബഡായിലും ഭാര്യ സുനിതയുമാണ് മക്കളുടെ വിവാഹത്തോടനുബന്ധിച്ച് ഭൂരഹിതര്‍ക്ക് നാലു സെന്റ് ഭൂമി വീതം സൗജന്യമായി നല്‍കുന്നത്. 

കൂട്ടിക്കല്‍ ടൗണിനു സമീപം ഇതിനായി ഒന്നേകാല്‍ ഏക്കര്‍ ഭൂമി മാറ്റിവച്ചു. നൂറോളം അപേക്ഷ ലഭിച്ചതില്‍നിന്നും നിര്‍ധനരായ 35 പേരെ തെരഞ്ഞെടുത്തു കഴിഞ്ഞു.

മക്കളുടെ വിവാഹം ആലോചിച്ചപ്പോള്‍ത്തന്നെ സാധാരണക്കാരെ സഹായിക്കുവാനുള്ള തീരുമാനം അദ്ദേഹം കെെക്കൊണ്ടിരുന്നു. വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ കുറച്ച് ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് അസീസ് തീരുമാനിക്കുകയും ഭാര്യ സുനിതയും മക്കളും പ്രസ്തുത തീരുമാനത്തിന്  പിന്തുണ നല്‍കുകയുമായിരുന്നു. 

കൂട്ടിക്കല്‍-പൂഞ്ഞാര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമീപമാണ് സ്ഥലം നല്‍കുന്നത്.  സ്ഥലത്തിന് 45 ലക്ഷത്തോളം രൂപ വില മതിക്കും. ജൂലൈ രണ്ടാം വാരത്തോടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരിലേക്കു ആധാരം രജിസ്റ്റര്‍ചെയ്തു നല്‍കും.

അസീസ് – സുനിത ദമ്പതികളുടെ മക്കളായ ഡോ. നാസിയ, ഡോ. നവീദ് എന്നിവരുടെ വിവാഹം സെപ്തംബറില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കാസര്‍ഗോഡ് ഡോ. അമീര്‍ അലിയുടെ മകള്‍ ആഷികയാണ് മകന്‍ നവീദിന്റെ വധു. മകള്‍ നാസിയയെ പത്തനാപുരം സ്വദേശി എന്‍ജിനീയര്‍ ഹിസാമാണ് വിവാഹം ചെയ്യുന്നത്.