’91ല്‍ നിന്നും 100ല്‍ എത്താന്‍ രണ്ട് ഡസന്‍ ബോള്‍ വേണ്ടയാളാണ്’: സച്ചിനെതിരെ ധോണി ആരാധകര്‍: പിന്തുണയുമായി ഗാംഗുലി

single-img
26 June 2019

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ മധ്യനിര തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ടീമിന് നേരിടേണ്ടി വന്നത്. ധോണിയുടെയും കേദാര്‍ ജാദവിന്റെയും കൂട്ടുകെട്ടിനെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെ രംഗത്തെത്തിയിരുന്നു. ധോണി മുതിര്‍ന്ന താരമായതിനാല്‍ ബാറ്റിങ്ങില്‍ കുറച്ച്കൂടി ഉത്തരവാദിത്വം കാണിക്കാമായിരുന്നു എന്നും സച്ചിന്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശത്തിന്റെ പേരില്‍ സച്ചിനെതിരെ തിരിഞ്ഞിരിക്കുകയാണ് ധോണി ആരാധകര്‍. ഇരുവരെയും താരതമ്യം ചെയ്തുകൊണ്ട് ധോണി ആരാധകര്‍ രംഗത്തെത്തി. കളികള്‍ക്ക് പുറമേ ബയോപിക്കുകളെ വരെ താരതമ്യം ചെയ്യുന്നത് വരെയെത്തി കാര്യങ്ങള്‍. ധോണിയുടെ ബയോപിക് കാണാന്‍ ആളുണ്ടായിരുന്നു എന്നാല്‍ സച്ചിന്റേത് കാണാന്‍ ആരും ഉണ്ടായിരുന്നില്ല എന്ന തരത്തിലുള്ള ട്വീറ്റുകളുമായി ധോണി ആരാകര്‍ എത്തി.

91ല്‍ നിന്ന് 100 എത്താല്‍ രണ്ട് ഡസന്‍ ബോള്‍ വേണ്ടയാളാണ് ധോണിയെ കുറ്റം പറയുന്നത് എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. 90കളില്‍ നിന്ന് 100 എത്താനായി സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ ആരെങ്കിലും സഹായിക്കേണ്ട ആളാണ് കുറ്റം പറയുന്നതെന്നാണ് മറ്റൊരു ധോണി ആരാധകന്‍ പറഞ്ഞത്

അതേസമയം, എം എസ് ധോണിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി. ധോണി മികവുറ്റ ബാറ്റ്‌സ്മാനാണ്. ഈ ലോകകപ്പില്‍ അദ്ദേഹം അത് തെളിയിക്കുമെന്ന് എനിക്കുറപ്പുണ്ട്. അഫ്ഗാനിസ്ഥാനെതിരെ സംഭവിച്ചത് ഒരു മോശം പ്രകടനം മാത്രമാണ്. ധോണി ശക്തനായി തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട് ഗാംഗുലി പറഞ്ഞു.

അഫ്ഗാനെതിരെ ധോണി 52 പന്തില്‍ 28 റണ്‍സാണെടുത്തത്. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ട് സ്‌കോറിംഗ് വേഗം കൂട്ടാഞ്ഞതില്‍ തനിക്ക് നിരാശയുണ്ടെന്ന് സച്ചിന്‍ മത്സരശേഷം പറഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിക്കാതിരുന്ന കേദാര്‍ ജാദവ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സീനിയര്‍ താരമെന്ന നിലയ്ക്ക് ധോണി കുറച്ചുകൂടി ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കണമായിരുന്നുവെന്നും സച്ചിന്‍ ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.