ആരോഗ്യമേഖലയിൽ ഏറ്റവും മികച്ച സംസ്ഥാനം കേരളം; ഏറ്റവും മോശം യുപി: നീതി ആയോഗ് റിപ്പോർട്ട്

single-img
25 June 2019

ആരോഗ്യമേഖലയിൽ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ്. ‘ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, പുരോഗമിക്കുന്ന ഇന്ത്യ: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും റാങ്കിന്റെ റിപ്പോർട്ട് (Healthy States, Progressive India: Report on Rank of States and UTs)’ എന്ന പേരിൽ നീതിആയോഗ് പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ റിപ്പോർട്ട് ആണിത്.

2015-16 വർഷത്തെ അപേക്ഷിച്ച് 2017-18 വർഷത്തെ ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്തുന്ന റിപ്പോർട്ടിലാണ് കേരളം വീണ്ടും ഒന്നാമതെത്തുന്നത്. ഈ റിപ്പോർട്ടിൽ ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ് ആരോഗ്യരംഗത്തെ ഏറ്റവും മോശം സംസ്ഥാനമായാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നയരൂപീകരണത്തിനായി നിയോഗിക്കപ്പെട്ട വിദഗ്ദ്ധരുടെ സമിതിയാണ് നീതി ആയോഗ്.

നിരവധി ഘടകങ്ങൾ ഒരുമിച്ച് പരിഗണിച്ചാണ് ആരോഗ്യരംഗത്തെ മികവിന്റെ അടിസ്ഥാനത്തിലുള്ള ഇൻഡക്സ് റാങ്കിംഗ് പട്ടിക തയ്യാ‍റാക്കുന്നത്. ശിശുമരണം, നവജാത ശിശുമരണം എന്നിവയിലെല്ലാം യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്ന കുറഞ്ഞ നിരക്കുള്ള കേരളം കഴിഞ്ഞതവണയും ഈ പട്ടികയിൽ ഒന്നാമതായിരുന്നു. ആന്ധ്രാ പ്രദേശും മഹാരാഷ്ട്രയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.