വിരാട് കോലിയെ ആരാധിച്ചാല്‍ മാത്രം പോര, അതുപോലെ കളിക്കണം; പാക് താരത്തിന് ഉപദേശവുമായി ഷോയിബ് അക്തര്‍

single-img
24 June 2019

പാക് ബാറ്റ്‌സ്മാന്‍ ബാബര്‍ അസമിന് ഉപദേശവുമായി മുന്‍ പേസര്‍ ഷോയിബ് അക്തര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് ബാബര്‍ ആരാധിക്കുന്നത്. അങ്ങിനെയെങ്കില്‍ അദ്ദേഹത്തെ പോലെ കളിക്കന്‍ പഠിക്കണമെന്നാണ് അക്തര്‍ പറഞ്ഞിരിക്കുന്നത്. കളികളില്‍ അസമിന് മികച്ച തുടക്കം ലഭിക്കുന്നുണ്ട്. ഏറെക്കുറെ നന്നായി മുന്നോട്ട് പോകുന്നുമുണ്ട്. എന്നാല്‍ ഇതിനെ വലിയ ഇന്നിംഗ്‌സാക്കി മാറ്റാന്‍ ആ തുടക്കത്തിന് സാധിക്കുന്നില്ല. ഈ കാര്യത്തില്‍ വിരാട് കോലിയെ മാതൃകയാക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു.

ബാബര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെിരെയും മികച്ച പ്രകടനം നടത്തിയെങ്കിലും, അത് സെഞ്ച്വറിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അക്തര്‍ പറയുന്നു. ഇന്ത്യന്‍ ടീമിന് ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ വിരാട് റണ്‍സ് കണ്ടെത്തുന്നുണ്ട്. അദ്ദേഹം സിംഗിളുകളെടുത്ത് കളി മുന്നോട്ട് കൊണ്ടുപോകുന്നത് ബാബറും മാതൃകയാക്കണം. രോഹിത് ശര്‍മ്മ, കെയ്ന്‍ വില്യംസണ്‍, വിരാട് കോലി എന്നിവരുടെ കളി ശ്രദ്ധിക്കുമ്പോള്‍, ഇവര്‍ അര്‍ധ സെഞ്ച്വറി തികച്ചാല്‍ കളിയുടെ വേഗം കൂട്ടുന്നതായി കാണാം.

ഈ മാതൃക ബാബര്‍ ഇവരില്‍ നിന്ന് പഠിക്കണം. അതേപോലെ കൂടുതല്‍ വ്യത്യസ്തമാര്‍ന്ന ഷോട്ടുകള്‍ക്ക് ശ്രമിക്കണമെന്നും അക്തര്‍ പറഞ്ഞു. ലോകകപ്പില്‍ പാകിസ്താന്‍ ഇനിയും ആരെയും ഭയപ്പെടാതെ കളിക്കുമെന്നാണ് പ്രതീക്ഷ. ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ സെമിയിലെത്താനുള്ള സാധ്യത ടീമിനുണ്ടെന്നും അക്തര്‍ പറയുന്നു.