പണിമുടക്ക് പിൻവലിച്ചില്ലെങ്കിൽ സ്പെഷ്യൽ ബസുകൾ ഒാടിക്കും: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ആർടിസി

single-img
24 June 2019

ഇന്നുമുതല്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ആരംഭിക്കുനന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സ്‌പെഷല്‍ ബസുകള്‍ ഓടിക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ആര്‍ടിസി. വാരാന്ത്യ സ്‌പെഷല്‍ ബസുകളുടെ പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയായതോടെ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അധിക സര്‍വീസ് നടത്താനുള്ള നീക്കവുമായാണ് കെഎസ്ആർടിസി രംഗത്തെത്തിയത്.

തമിഴ്‌നാടിന്റെ പെര്‍മിറ്റ് ലഭിച്ചതോടെ, സേലം വഴിയുള്ള സര്‍വീസും നടത്താം. തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്റര്‍ സ്‌റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സമരം. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നികുതി അടയ്ക്കാതെ ജി ഫോം നല്‍കിയും, ഇതര സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തവ കേരളത്തിന്റെ റോഡ് നികുതി അടയ്ക്കാതെയും പ്രതിഷേധിക്കും.

യാത്രക്കാര്‍ക്ക് പരാതി പരിഹാര ഫോറം രൂപീകരിക്കുമെന്നും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടും തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.