സംസ്ഥാന നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുത്തു

single-img
24 June 2019

കേരളാ നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുത്തു. ഒല്ലൂര്‍ എംഎല്‍എയായ കെ രാജനെ ചിഫ് വിപ്പാക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. മന്ത്രിസഭയുടെ തുല്യമായ ക്യാബിനറ്റ് റാങ്കോടെയാണ് പദവി. മുന്‍പ് സിപിഎം ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് വാഗ്ദാനം ചെയ്തിരുന്നു.

ആദ്യം ജയരാജന്‍ രാജിവെച്ചതിനെ തുടര്‍ന്ന് എംഎം മണി മന്ത്രിയായിരുന്നു. എന്നാല്‍ ജയരാജന്‍ തിരികെ മന്ത്രി സഭയില്‍ എത്തിയപ്പോള്‍ സിപിഐ പ്രതിഷേധവുമായി എത്തുകയും ഏതെങ്കിലും സിപിഎം മന്ത്രി രാജിവെച്ച ശേഷം ജയരാജന്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കട്ടെയെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് നല്‍കാമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മൂല ഉണ്ടായത്.

പ്രളയ സമയത്ത് പദവി ഏറ്റെടുക്കുന്നത് വിവാദമാകുമെന്ന് കണ്ട് ചീഫ് വിപ്പ് സ്ഥാനം സിപിഐ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും ഒരു വര്‍ഷം കഴിഞ്ഞതോടെ തീരുമാനം പാര്‍ട്ടി തിരുത്തുകയായിരുന്നു. ഈ സ്ഥാനത്തോടെ നിലവില്‍ നാല് മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിങ്ങനെ സിപിഐക്ക് ആറ് കാബിനറ്റ് പദവികളാകും.