ടീം ഇന്ത്യയ്ക്ക് വീണ്ടും ‘പരിക്കിന്റെ ഭീഷണി’

single-img
21 June 2019


പരിശീലനത്തിനിടെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക്. ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ കാലില്‍ കൊണ്ടാണ് വിജയ് ശങ്കറിന് പരിക്കേറ്റത്. കാല്‍വിരലിന് കടുത്ത വേദന അനുഭവപ്പെട്ട വിജയ് ശങ്കര്‍ പിന്നീട് പരിശീലനം മതിയാക്കി. എന്നാല്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൂടുതല്‍ വിവരങ്ങളൊന്നും ടീം മാനേജ്മെന്റ് പുറത്തുവിട്ടിട്ടില്ല.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ തള്ളവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമായതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയെ ആശങ്കയിലാക്കി വിജയ് ശങ്കറിനും പരിക്കേറ്റിരിക്കുന്നത്. ധവാനു പകരം പാകിസ്താനെതിരായ മത്സരത്തില്‍ ശങ്കറാണ് ഇന്ത്യയ്ക്കായി കളിച്ചത്. മത്സരത്തില്‍ താരം രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

മാത്രമല്ല പാകിസ്താനെതിരായ മത്സരത്തില്‍ പരിക്കേറ്റ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് മൂന്ന് മത്സരങ്ങള്‍ വരെ നഷ്ടമാകും. ധവാനു പകരം ഋഷഭ് പന്തിനെ ടീമിലെടുത്തിട്ടുണ്ട്. ശനിയാഴ്ച അഫ്ഗാനെതിരായ മത്സരത്തില്‍ വിജയ് ശങ്കര്‍ കളിച്ചില്ലെങ്കില്‍ നാലാം നമ്പറില്‍ ഋഷഭ് പന്ത് കളിക്കും.