ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂർ

single-img
20 June 2019

ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ എം.പി. എൻ കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുന്ന സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ഭരണഘടനാഭേദഗതി വേണ്ടിവരുമെന്നാണ് തരൂർ അഭിപ്രായപ്പെട്ടത്. മനോരമ ന്യൂസ് ചാനൽ നടത്തിയ കേരളസഭ തല്‍സമയ പരിപാടിയിലാണ് തരൂർ ഇപ്രകാരം പറഞ്ഞത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം എല്ലാവർക്കും തുല്യമായ ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ സുപ്രീംകോടതിവിധി. അതുകൊണ്ടുതന്നെ പ്രേമചന്ദ്രന്റെ ബിൽ സർക്കാർ എടുത്താലും അതിനെ ഒരു ഭരണഘടനാഭേദഗതിയാക്കി മാറ്റിയിട്ട് മാത്രമേ നിയമം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഇത്തരം ആചാരങ്ങൾ നിയമപരമായ തീരുമാനങ്ങൾക്ക് അതീതമായി കാണേണ്ടതാണെന്ന് പറയേണ്ടിവരുമെന്നും തരൂർ പറഞ്ഞു.

അമേരിക്കയിലോ ഇംഗ്ലണ്ടിലോ ആണെങ്കിൽപ്പോലും കത്തോലിക്കാ സഭ അടക്കമുള്ള മതസ്ഥാ‍പനങ്ങൾക്ക് ഇത്തരം പ്രത്യേകമായ പരിഗണനകൾ നൽകാറുണ്ടെന്നും തരൂർ പറഞ്ഞു.

ശബരിമലയിൽ ആചാരരീതികൾ സംരക്ഷിക്കണമെന്ന ബിൽ ലോക്സഭയിൽ വെള്ളിയാഴ്ച അവതരിപ്പിക്കും. എൻ.കെ. പ്രേമചന്ദ്രന്റെ ബിൽ, 21ന് പരിഗണിക്കുന്നവയിൽ ഒന്നാമത്തേതായിട്ടാണ് ഉൾപ്പെടുത്തിയത്. ഈ ലോക്സഭയിൽ അവതരണാനുമതി ലഭിച്ച ആദ്യ സ്വകാര്യബില്ലാണിത്.