65 ശ്രീലങ്കന്‍ വംശജരായ തമിഴര്‍ക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

single-img
20 June 2019

65 ശ്രീലങ്കന്‍ വംശജരായ തമിഴര്‍ക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാന്‍ മദ്രാസ്‌ ഹൈക്കോടതിയുടെ അനുമതി. ഇതിനായി ഇവര്‍ പുതിയ അപേക്ഷ ജില്ലാ കളക്ടർക്ക് സമർപ്പിക്കാൻ കോടതി അനുവദിച്ചു. കാലതാമസമില്ലാതെ അപേക്ഷ പരിഗണിച്ച് പൗരത്വം നൽകണമെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

ഇതിനുവേണ്ടി 16 ആഴ്ചകൾക്കുള്ളിൽ ആവശ്യമായ ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിക്കണമെന്നും കോടതി പറഞ്ഞു. ആവശ്യമായ രേഖകളില്ലാതെയാണ് പരാതിക്കാർ ഇന്ത്യയിലെത്തിയതെന്നും, അനധികൃത കുടിയേറ്റക്കാരായ ഇവരെ പൗരന്മാരായി കണക്കാക്കാനാവില്ലെന്നുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിരുന്നത്. പക്ഷെ ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകണം എന്ന് ഇവരോട് ആവശ്യപ്പെടില്ലെന്നും സർക്കാരുകൾ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടീഷ് ഭരണ കാലത്ത് ശ്രീലങ്കയിലേക്ക് തോട്ടം തൊഴിലാളികളായി പോയവരാണ് തങ്ങളെന്നും ആത്മരക്ഷ തേടിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നുമാണ് പരാതിക്കാർ കോടതിയിൽ പറഞ്ഞത്. ഇവര്‍ കോടതിയില്‍ പറഞ്ഞ വാദം അംഗീകരിച്ചാണ് പൗരത്വത്തിനുള്ള അപേക്ഷ അംഗീകരിക്കണം എന്ന് പറഞ്ഞത്.