പാക് ക്രിക്കറ്റ് ടീമിനെ നിരോധിക്കണം; ഇന്ത്യയോടേറ്റ തോല്‍വിക്ക് പിന്നാലെ പാക് ആരാധകന്‍ കോടതിയില്‍

single-img
19 June 2019

ലോകകപ്പില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെ വിലക്കണമെന്നാവശ്യപ്പെട്ട് ടീം ആരാധകന്‍ കോടതിയെ സമീപിച്ചു. സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിടണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. സിഎന്‍എന്‍ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പരാതി നല്‍കിയ ആരാധകന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 

ആരാധകൻ പഞ്ചാബ് സിവില്‍ കോര്‍ട്ടിനെയാണ് സമീപിച്ചത്. ഇൻസമാമുൾ‌ ഹഖിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടുവെന്ന് പാക് ടിവിയായ സാമ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ കോടതി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സമന്‍സ് അയച്ചു.

89 റണ്‍സിനാണ് പാക്കിസ്ഥാന്‍ ചിരവൈരികളായ ഇന്ത്യയോട് പരാജയപ്പെട്ടത്. നിലവില്‍ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്നു പോയിന്റുകളുമായി പോയിന്റ് പട്ടികയില്‍ ഒൻപതാമതാണ് പാകിസ്ഥാന്‍. ഇതിനിടെ ടീമിനെ അടിമുടി അഴിച്ചുപണിയാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. പാക് പരിശീലകൻ മിക്കി ആർതറെ മടക്കി അയക്കാനും സാധ്യതയുണ്ട്. ഇതുകൂടാതെ മാനേജർ താലത് അലി, ബൗളിംഗ് കോച്ച് അസ്ഹർ മഹ്മൂദ് എന്നിവർക്കും സ്ഥാനചലനമുണ്ടാകും.