ശബരിമല: എൻകെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിന്റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണമെന്ന് കുമ്മനം രാജശേഖരൻ

single-img
19 June 2019

ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എൻ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിന്‍റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പക്ഷെ ബില്ലിന്മേൽ കേന്ദ്രസർക്കാർ എന്തു നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപി പാർലമെന്‍ററി പാർട്ടിയായിരിക്കുമെന്നും കുമ്മനം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് കുമ്മനം ഇപ്രകാരം പറഞ്ഞത്.

ശബരിമല വിഷയത്തിൽ കേന്ദ്രം ബിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രൻ വിശ്വാസികളോട് ആദ്യം മാപ്പ് പറയണമെന്നും കുമ്മനം പറഞ്ഞു.

ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ തന്നെ ബിൽ കൊണ്ട് വരുന്നതാണ് ഉചിതമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകാനാണ് സാധ്യതയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എൻകെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്ലിന് നോട്ടീസ് നല്‍കിയത്. ബില്ല് വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് അനുമതി കിട്ടിയത്. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാകുമിത്. ശബരിമല ശ്രീധർമ്മക്ഷേത്ര ബിൽ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണം എന്നാണ് ബില്ലിൽ എൻ കെ പ്രേമചന്ദ്രൻ നിർദ്ദേശിക്കുന്നത്.