വനിതാ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ അജാസ് മരിച്ചു

single-img
19 June 2019

ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും സിവിൽ പൊലീസ് ഓഫീസറുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്.

വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്‍റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന് വിധേയനാക്കി. ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യ പുഷ്പാകരനെ(31) വെട്ടിപരിക്കേല്‍പ്പിച്ച ശേഷം അജാസ് പെട്രോളൊഴിച്ച് തീകൊളുത്തികൊലപ്പെടുത്തിയത്. തഴവ സ്‌കൂളില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതിയശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്കുവരികയായിരുന്നു സൗമ്യ. വീട്ടിലേക്കുള്ള ഇടവഴിയില്‍വെച്ച്, പിന്നാലെ കാറിലെത്തിയ അജാസ് സൗമ്യയെ ഇടിച്ചുവീഴ്ത്തി. പ്രാണരക്ഷാര്‍ഥം തൊട്ടടുത്തുള്ള യൂബ്രാ മന്‍സിലില്‍ മുസ്തഫയുടെ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ പിന്നാലെ പാഞ്ഞെത്തിയ ഇയാള്‍ മുറ്റത്തിട്ട് വടിവാള്‍ കൊണ്ട് സൗമ്യയെ വെട്ടിവീഴ്ത്തുകയായിരുന്നു.

കഴുത്തിനും തലയുടെ പിന്‍ഭാഗത്തുമാണു വെട്ടേറ്റത്. നിലത്തുവീണ സൗമ്യയുടെ ദേഹത്തും സ്വന്തം ദേഹത്തും അജാസ് പെട്രോളൊഴിച്ചു. തുടര്‍ന്ന് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയത്ത് സമീപത്തെങ്ങും ആരുമുണ്ടായിരുന്നില്ല. അലര്‍ച്ചയും ബഹളവും കേട്ടു വീട്ടുകാര്‍ നോക്കിയപ്പോള്‍ രണ്ട് തീഗോളങ്ങളാണു കണ്ടത്. ബഹളംകേട്ട് സമീപവാസികള്‍ ഉള്‍പ്പെടെ ഓടിയെത്തിയപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അജാസില്‍നിന്ന് കഴിഞ്ഞദിവസം മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പ്രതികാരമെന്ന പൊലീസ് കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് അജാസിന്‍റെ മൊഴി. സ്വന്തം ദേഹത്ത് പെട്രോളൊഴിച്ചത് ആത്മഹത്യചെയ്യാനായിരുന്നുവെന്നും മൊഴിയിലുണ്ട്.

ഇന്നലെ അജാസിനെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി സസ‌്പെൻഡ‌് ചെയ‌്തിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊലപാതകത്തിൽ അജാസിന്റെ പങ്കിനെപ്പറ്റി വകുപ്പുതല അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും എസ്പി കെ.കാർത്തിക് പറഞ്ഞിരുന്നു.